പത്തനംതിട്ട: ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയും ഉണ്ണികൃഷ്ണന് പോറ്റി കടത്തി. ദ്വാരപാലകശിൽപ മാതൃകയിൽ ശ്രീകോവിൽ കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും ചെമ്പെന്ന് രേഖപ്പെടുത്തിയാണ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത്.
ഉണ്ണികൃഷ്ണന് പോറ്റി സ്പോൺസറായ ശ്രീകോവിൽ വാതിൽ നിർമാണത്തിലും സംശയമുയരുന്നതിനിടെയാണ് കട്ടിളയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളും കൊടുത്തുവിട്ടെന്ന വിവരം പുറത്തുവന്നത്.
2019 മാര്‍ച്ച് 20ന് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാനായി ദേവസ്വം ബോര്‍ഡ് ഇറക്കിയ ഉത്തരവിലാണ് കട്ടിളയിലുള്ളത് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവും കട്ടിളപ്പടി കൈമാറിയതായി വെളിപ്പെടുത്തിയിരുന്നു. നേരിയ തോതിലായിരുന്നു കട്ടിളയിൽ സ്വർണം പൂശിയിരുന്നതെന്നും ഇത് മങ്ങിയതോടെ ഉണ്ണികൃഷ്ണന് പോറ്റിക്ക് നവീകരണത്തിനായി നൽകുകയായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ദ്വാരപാലക ശിൽപപ്പാളികളേക്കാൾ കൂടുതൽ സ്വർണം കട്ടിളകളിലുണ്ടാകുമെന്നാണ് സൂചന. ദ്വാരപാലക ശില്പപ്പാളികളിലെ ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കട്ടിളയിലെ സ്വർണവും ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈയിലെത്തിയ വിവരം പുറത്തുവന്നത്.
ഈ പാളികള്‍ തിരികെയെത്തിയോ, സ്വര്‍ണം എന്ത് ചെയ്തു തുടങ്ങിയ കാര്യങ്ങളിലൊന്നും ദേവസ്വം രേഖകളില്‍ വ്യക്തതയില്ല. ശ്രീകോവിലിന്റെ വാതില്‍ നിര്‍മിച്ചശേഷമാണ് കട്ടിളയും സ്വര്‍ണം പൂശി നല്‍കാമെന്ന് കാട്ടി ഉണ്ണികൃഷ്ണന് ദേവസ്വംബോർഡിന് കത്ത് നല്‍കിയത്. 1999ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതായിരുന്നു കട്ടിളയും. അതിനിടെ, ദേവസ്വം വിജിലൻസ് സംഘം സന്നിധാനത്തെത്തി പരിശോധന നടത്തി.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഒടുവിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയപ്പോൾ മഹസ്സറിൽ ‘ചെമ്പ് തകിട്’ എന്ന് തെറ്റായി രേഖപ്പെടുത്തിയ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമീഷണറുമായ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു. ദേവസ്വം വിജിലൻസ് കഴിഞ്ഞ ദിവസം ഹൈകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അന്നത്തെ തിരുവാഭരണ കമീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടിവ് ഓഫിസര്‍ സുധീഷ് എന്നിവരാണ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റ് രണ്ടുപേർ. ഇവർ രണ്ട് പേരും സര്‍വിസിൽനിന്നും വിരമിച്ചു.
ദ്വാരപാലക ശിൽപം അറ്റകുറ്റപ്പണിക്കായി 2025ലും സ്പോൺസറായ ഉണ്ണികൃഷ്ണ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബുവായിരുന്നു. ഇതിലും ഇദ്ദേഹത്തിന് വീഴ്ചയുണ്ടായെന്ന് ചൊവ്വാഴ്ച ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേർന്ന പ്രത്യേക യോഗം വിലയിരുത്തി. പാളികൾ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്ന ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള വാറന്റി റദ്ദാക്കാനും പകരം അറ്റകുറ്റ പണികൾ ദേവസ്വം ബോർഡ് നേരിട്ട് നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾക്ക് ദേവസ്വം ഡെപ്യൂട്ടി കമീഷണറെ യോഗം ചുമതലപ്പെടുത്തി.
ദേവസ്വം വിജിലൻസ് എസ്.പി വെള്ളിയാഴ്ച സ്വർണ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമായി. സർവീസിൽ നിന്ന് വിരമിച്ചവരുടെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യം തടഞ്ഞുവെക്കുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.