തിരുവനന്തപുരം: മോഡറേഷൻ തട്ടിപ്പിലൂടെ കൂട്ടിനൽകിയ മാർക്കുകൾ റദ്ദാക്കാൻ കേരള സ ർവകലാശാല വിദ്യാർഥികളുടെ അനുമതി തേടുന്നു. വ്യാജ പാസ്വേഡ് ഉപയോഗിച്ച് മാർക്കുക ൾ കൂട്ടിയിട്ട് ക്രെഡിറ്റ് ബെയ്സ്ഡ് സെമസ്റ്റർ രീതിയിലുള്ള (സി.ബി.സി.എസ്) ബിരുദകോഴ്സുകളുടെ 16 പരീക്ഷകളിൽ മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ച 717 വിദ്യാർഥികളെയാണ് പ്രോ-വൈസ് ചാൻസലർ അധ്യക്ഷനായ കമ്മിറ്റി സർവകലാശാലാ ആസ്ഥാനത്ത് നേരിട്ട് വിളിക്കുന്നത്. വിദ്യാർഥികളുടെ മേൽവിലാസത്തിൽ പി.വി.സിയുടെ ഓഫിസിൽനിന്ന് നേരിട്ടാണ് കത്തുകൾ അയച്ചിരിക്കുന്നത്.
കൂടിക്കാഴ്ചയ്ക്ക് സർവകലാശാലയിൽ നേരിട്ട് എത്തിയ വിദ്യാർഥികളിൽ പലരും അവർക്ക് മാർക്ക് കൂട്ടി ലഭിച്ച കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്ന് മൊഴി നൽകി. 717 പേർക്കാണ് മാർക്ക് കൂട്ടി നൽകിയിട്ടുള്ളതെങ്കിലും 319 പേർ മാത്രമാണ് കൂട്ടിലഭിച്ച മാർക്കുകൾ ഡൗൺലോഡ് ചെയ്തിട്ടുള്ളത്.
വിദ്യാർഥികൾക്ക് നൽകിയിട്ടുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകൾ പിൻവലിക്കുന്നതിന് മാത്രമേ വിദ്യാർഥികളുടെ വിശദീകരണം തേടേണ്ടതുള്ളൂവെന്ന് സർവകലാശാലചട്ടങ്ങൾ അനുശാസിക്കുന്നു. തെറ്റായി നൽകിയ മാർക്കുകൾ റദ്ദാക്കാൻ ഏതാനും മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂവെന്നും അതിന് അധികൃതർ ഉത്തരവ് നൽകുന്നില്ലെന്നും പരീക്ഷ, ഐ.ടി സെല്ലിലെ ഉദ്യോഗസ്ഥർ പറയുന്നു. മാർക്കുകൾ റദ്ദാക്കുന്നത് വൈകിച്ച് വിദ്യാർഥികൾക്ക് കോടതി വഴി സംരക്ഷണം ഉറപ്പാക്കാൻ സർവകലാശാല കണ്ടെത്തിയിരിക്കുന്ന കുറുക്കുവഴിയാണ് പി.വി.സിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അഭിമുഖമെന്ന് ആക്ഷേപമുണ്ട്. ഇതിനകം സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയവരുടെ ഡിഗ്രികൾ തിരിച്ചുവാങ്ങാനോ അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള രേഖകൾ ക്രൈം ബ്രാഞ്ചിന് കൈമാറാനോ സർവകലാശാല തയാറായിട്ടുമില്ല. സോഫ്റ്റ്വെയർ പിഴവാണ് മാർക്കിൽ മാറ്റം വരാൻ കാരണമെന്നായിരുന്നു സർവകലാശാലയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.