തിരുവനന്തപുരം: നാട്ടിൽ വിമാനത്താവളങ്ങൾ വരുന്നതിൽ എന്താണ് തെറ്റെന്നും ഇവ വികസനത്തിനാവശ്യമാണെന്നും മുഖ്യമന്ത്രി. ശബരിമല വിമാനത്താവളത്തിന് താൽപര്യമെടുക്കും. കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സർക്കാർ നയം വ്യക്തമാക്കിയത്. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് കേന്ദ്ര സര്‍ക്കാറിെൻറ സഹകരണമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകരുടെ പ്രധാന യാത്രാകേന്ദ്രമെന്ന നിലയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വലിയ സാധ്യതയുണ്ട്. വ്യോമയാന ഡയറക്ടര്‍ ജനറലിെൻറ നിബന്ധന പാലിക്കുന്നതിന് ടെര്‍മിനല്‍ കെട്ടിടവും ഏപ്രണും മാറ്റി സ്ഥാപിക്കണം. റണ്‍വേയുടെ ദൈര്‍ഘ്യം, പാരലല്‍ ടാക്‌സിവേ, റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ എന്നിവ വര്‍ധിപ്പിക്കണം. ഇവ സജ്ജമാക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി. 137 ഏക്കറാണ് അധികം വേണ്ടത്. ഒപ്പം കാര്‍ പാര്‍ക്കിങ്ങിന് 15.25 ഏക്കര്‍ കൂടി വേണം. സ്ഥലമെടുപ്പിന് എതിർപ്പുയർന്നപ്പോൾ അവർക്കൊപ്പം നിന്നവരാണ് വികസനത്തിനുവേണ്ടി സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2017-18 ല്‍ 226 കോടി രൂപയായിരുന്ന കരിപ്പൂർ വിമാനത്താവളത്തിെൻറ വരുമാനം 2018-2019 ല്‍ 305 കോടിയായി വര്‍ധിക്കും. ലാഭം 2017-18ല്‍ 92 കോടി ആയിരുന്നത് 2018-19 ല്‍ 162 കോടിയായി വര്‍ധിക്കുമെന്നും വിമാനത്താവള ഡയറക്ടര്‍ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കണ്ണൂര്‍ പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി 10 വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെയും ഇന്ധന നികുതി അഞ്ച്ശതമാനമാക്കി കുറക്കാൻ 2017ൽ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന് മുനീർ പറഞ്ഞു. കണ്ണൂരിലെ ഇന്ധന നികുതി ഒരു ശതമാനമാക്കി കുറച്ചിട്ടും മന്ത്രിസഭ തീരുമാനം നടപ്പായില്ല. കരിപ്പൂരിൽ മൂന്ന് വിമാന സർവിസ് റദ്ദാക്കി. ചാർേട്ടഡ് വിമാനങ്ങൾക്കുവേണ്ടി മാത്രമുള്ള വിമാനത്താവളമായി കരിപ്പൂർ മാറിയേക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ഇന്ധന നികുതി കുറച്ചാൽ കേരളത്തിൽ ഇന്ധനം നിറക്കാൻ പുറത്തുനിന്നുള്ള വിമാനങ്ങൾ വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് യു.ഡി.എഫ് എതിരല്ല. എന്നാൽ, എത്ര ഭൂമി വേണമെന്ന് കൃത്യമായി പറയണം -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.