തിരുവനന്തപുരം: ആദായ നികുതി പരിധി 12 ലക്ഷമാക്കി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ 80 ശതമാനവും നികുതിപരിധിക്ക് പുറത്തായി. പ്രതിമാസം ഒരു ലക്ഷം രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ ആദായ നികുതി അടച്ചാല്‍ മതിയാകും. സംസ്ഥാന സര്‍ക്കാറിന് കീഴിലെ 5.5 ലക്ഷം ജീവനക്കാരില്‍ ഏതാണ്ട് 80,000ത്തിന് താഴെ പേര് മാത്രമേ പുതിയ പ്രഖ്യാപനപ്രകാരം ആദായനികുതി അടയ്ക്കേണ്ടതായി വരൂ. സെക്രട്ടേറിയറ്റിൽ അണ്ടര്‍ സെക്രട്ടറി ഹയര്‍ ഗ്രേഡിന് മുകളിലുള്ള ജീവനക്കാർ മാത്രമാണ് അടുത്ത സാമ്പത്തികവര്‍ഷം ആദായനികുതി അടയ്ക്കേണ്ടി വരിക.
മറ്റ് വകുപ്പുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഡിവൈ.എസ്.പി, കോളജ് അധ്യാപകര്‍, നിശ്ചിതവര്‍ഷം സര്‍വിസുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സീനിയര്‍ അധ്യാപകര്‍ തുടങ്ങിയവര്‍ ആദായനികുതി സ്ലാബില്‍ ഉള്‍പ്പെടും.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാര്‍ക്ക് കുറഞ്ഞത് ഒരു മാസത്തെ ശമ്പളം ലാഭമാകുമെന്നാണ് കണക്കാക്കുന്നത്. ധനവകുപ്പിന്റെ കണക്കുപ്രകാരം 2,88,120 സര്‍ക്കാര്‍ ജീവനക്കാരാണ് 50,000 രൂപക്ക് മുകളില്‍ ശമ്പളം വാങ്ങുന്നത്.
നിലവിലെ സമ്പ്രദായ പ്രകാരം 3.5 ലക്ഷത്തോളം ജീവനക്കാര്‍ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു.
ഇതാണ് ഏതാണ്ട് നാലിലൊന്നായി കുറയുന്നത്. എന്നാല്‍, ഐ.എ.എസ്, ഐ.പി.എസ് അടക്കമുള്ള സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവര്‍ ആദായനികുതി അടയ്ക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.