എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത രീതിയിലെ കുർബാന അർപ്പണം ഓശാന ഞായർ മുതൽ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പണം ഓശാന ഞായർ മുതൽ നടപ്പാക്കും. സിറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിലും പുറത്തിറക്കിയ സംയുക്ത സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പണ രീതി അതിരൂപതയിൽ ഏപ്രിൽ 10ന് ഓശാന ഞായർ മുതൽ നിലവിൽ വരുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി തങ്ങൾ ഒരുമിച്ച് അതിരൂപതയുടെ കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.

അതേസമയം, സഭയിൽ പൂർണമായി ഏകീകൃത കുർബാന അർപ്പണ രീതി നടപ്പാക്കാൻ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഏപ്രിൽ 17 ഈസ്റ്റർ ഞായറാഴ്ചയാണ്. അതിനകം അതിരൂപതയിൽ എല്ലാ സ്ഥലത്തും സിനഡ് തീരുമാനം അനുസരിച്ചുള്ള കുർബാന അർപ്പിക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു. പ്രത്യേക കാരണങ്ങളാൽ ഈസ്റ്റർ ഞായറാഴ്ചയോടെ ഏകീകൃത കുർബാന അർപ്പണരീതി നടപ്പാക്കാൻ സാധിക്കാത്ത സ്ഥലങ്ങളുണ്ടെങ്കിൽ പൗരസ്ത്യ കാനൻ നിയമസംഹിത പ്രകാരമുള്ള ഇളവ് ലഭിക്കുന്നതിന് ആർച് ബിഷപ് മാർ ആൻറണി കരിയിലിന് അപേക്ഷ നൽകണം. ഓരോ സ്ഥലത്തും അവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ ബോധനം നൽകുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിച്ച് അതിരൂപതാധ്യക്ഷനായ മേജർ ആർച് ബിഷപ്പിന്‍റെ അംഗീകാരത്തോടെ ഇളവ് അനുവദിക്കുമെന്നും സർക്കുലറിൽ പറയുന്നു.

മെത്രാപ്പോലീത്തൻ വികാരി ഏകീകൃത കുർബാന അർപ്പണ രീതി അതിരൂപതയിൽ നടപ്പാക്കുന്നതിൽനിന്ന് ഇളവ് നൽകി കഴിഞ്ഞ നവംബർ 26നും ഏപ്രിൽ ആറിനും നൽകിയ സർക്കുലറുകളും ഇതുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങളും ഇതോടെ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. അതിരൂപതയിൽ ഡിസംബർ 25 മുതൽ ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്നായിരുന്നു ഏപ്രിൽ ആറിന് പുറത്തിറക്കിയ സർക്കുലറിൽ മെത്രാപ്പോലീത്തൻ വികാരി പറഞ്ഞത്. 

Tags:    
News Summary - Unified Mass from Oshana Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.