മലപ്പുറം : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തവനൂരിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ.ടി ജലീലിന്റെ വിജയത്തിൽ ഇടതുകേന്ദ്രങ്ങൾക്ക് ആശങ്ക. വിജയം സുനിശ്ചിതമെന്ന് കെ.ടി. ജലീൽ ആവർത്തിക്കുമ്പോഴും പോളിംഗ് ശതമാനം നൽകുന്ന സൂചനകൾ എൽ.ഡി.എഫിന് അത്ര അനുകൂലമല്ല. ബൂത്തുതല കണക്കുകൾ വെച്ച്, പൊന്നാനിക്കൊപ്പം തവനൂരിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലിലാണ് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് എത്തിയിരിക്കുന്നത്. മണ്ഡലത്തിൽ സുരക്ഷിത ഭൂരിപക്ഷം സി.പി.എം പ്രതീക്ഷിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മണ്ഡലം നഷ്ടപ്പെടാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നുണ്ട്.
പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും ഒത്തുവന്നാൽ 5000 മുതൽ 8000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. എൽ.ഡി.എഫ് സർക്കാറിനെതിരായ ഭരണവിരുദ്ധത വികാരവും മണ്ഡലത്തിൽ കെ.ടി. ജലീലിന് എതിരായ ഘടകങ്ങളും വി.എസ്. ജോയിക്ക് അനുകൂലമായതായി യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. തദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണം ലഭിച്ചതിന്റെ ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽനിന്നും വ്യത്യസ്തമായി പ്രാദേശികമായി ലീഗിന്റെ സഹകരണം നന്നായി ലഭിച്ചതും വി.എസ്. ജോയിയുടെ ആത്മവിശ്വാസം ഉയർത്തുന്ന ഘടകമാണ്.
ബി.ജെ.പിക്ക് സമാന്യം ശക്തിയുള്ള മണ്ഡലത്തിൽ, പാർട്ടി മുൻ ജില്ല അധ്യക്ഷനായ ബി.ജെ.പി സ്ഥാനാർഥി രവി തേലത്ത് പിടിക്കുന്ന വോട്ടുകളും ജലീലിന് നിർണ്ണായകമാവും. സി.പി.എമ്മിന് വിജയം ഉറപ്പുള്ള സംസ്ഥാനത്തെ 50 മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരില്ലെന്ന എന്നുള്ളതിൽതന്നെ എൽ.ഡി.എഫിന് ആശങ്കയുള്ള മണ്ഡലങ്ങളിൽ ഒന്നാണിതെന്ന് വ്യക്തം. അതേസമയം, കാന്തപുരം വിഭാഗത്തിന്റെയും സമസ്തയിലെ ലീഗ് വിരുദ്ധരുടെയും വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായതായും തവനൂരിൽ വിജയം ഉറപ്പാണെന്നും കെ.ടി. ജലീൽ ആവർത്തിക്കുന്നുണ്ട് 2011ലും 2016ലും 2021ലും തവനൂരിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കെ.ടി ജലീന്റെ ഈ മണ്ഡലത്തിൽനിന്നുള്ള നാലാമത്തെ അങ്കമാണിത്. 2021ൽ ജീവകാരുണ്യപ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിനെതിരെ മത്സരിച്ചപ്പോൾ കേവലം 2,564 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തെരഞ്ഞെടുക്കപ്പെട്ടത്. ഫിറോസ് കുന്നും പറമ്പിലിനോട് കടുത്ത മത്സരമാണ് ജലീൽ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.