വഖഫ് ബോർഡിൽ നീതി നിഷേധമെന്ന് എ.പി സമസ്ത; പ്രക്ഷോഭത്തിന് ഒരുങ്ങുന്നു; വൈകീട്ട് അഞ്ചിന് മാധ്യമങ്ങളെ കാണും
കോഴിക്കോട്: വഖഫ് ബോർഡ് പുനസംഘടനയിൽ നീതി നിഷേധം ചൂണ്ടിക്കാട്ടി എ.പി വിഭാഗം സമസ്ത പ്രക്ഷോഭത്തിലേക്ക്. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന പ്രബല വിഭാഗമായ തങ്ങളെ അവഗണിച്ചതായും സർക്കാർ നീതി പാലിച്ചില്ലെന്നും എ.പി വിഭാഗം കുറ്റപ്പെടുത്തി.
ഇന്ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് എ.പി വിഭാഗം നേതാക്കൾ മാധ്യമങ്ങളെ കാണുന്നുണ്ട്. സർക്കാർ നിലപാട് അനീതിയും അന്യായവുമാണെന്ന് എ.പി വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി എളമരം കുറ്റപ്പെടുത്തി. ‘ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണ്. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നതും ഇരു സമസ്തകൾ തന്നെ. എന്നിട്ടും പുതുതായി രൂപീകരിച്ച വഖഫ് ബോർഡിൽ ഇരു സമസ്തകൾക്കും പ്രതിനിധികളില്ല. സർക്കാർ നിലപാട് അനീതിയും അന്യായവുമാണ്’ -റഹ്മത്തുല്ല സഖാഫി ഫേസ്ബുക്കിൽ കുറിച്ചു. പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് പ്രതികരിച്ചു.
വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്തയിലെ ഒരു വിഭാഗത്തിനും അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സമസ്ത മുശാവറയിൽനിന്ന് പുറത്താക്കിയ മുസ്തഫുൽ ഫൈസിയെ ഉൾപ്പെടുത്തിയതാണ് സമസ്തയുടെ അതൃപ്തിക്കു കാരണം. സംസ്ഥാന സർക്കാർ കേരള വഖഫ് ബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. എം.സി മായിൻ ഹാജി ചെയർമാനാകുന്ന വഖഫ് ബോർഡിൽ, കുറുക്കോളി മൊയ്തീൻ, മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി തുടങ്ങിയവർ പുതിയ അംഗങ്ങളാകും. അമുസ്ലിം അംഗങ്ങളെ സർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടില്ല. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. രണ്ട് അമുസ്ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതിയിലും ഹൈകോടതിയിലും ഉള്ള കേസിലെ അന്തിമ വിധിക്ക് അനുസൃതമായാണ് തീരുമാനം.
എന്നാൽ, സുപ്രീംകോടതിയിലും ഹൈകോടതിയിലും നിലനിൽക്കുന്ന കേസ് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്ലിം ലീഗ് നേതാവാണ് മായിൻ ഹാജി. 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒമ്പത് പേരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് എം.സി മായിൻ ഹാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.