മെമ്മറി കാർഡിന്‍റെ അനധികൃത പരിശോധന: നടിയുടെ ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: തനിക്കെതിരായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട്​ ഇരയായ നടി നൽകിയ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരിയുടെ ആരോപണം ശരിയല്ലെന്നും കേസിൽ ഫോറൻസിക് ലാബ് ഉദ്യോഗസ്ഥരെ വിസ്തരിക്കേണ്ടതിനാൽ ഹരജി പരിഗണിക്കുന്നത്​ നീട്ടി വെക്കണമെന്നുമുള്ള പ്രതിയായ നടൻ ദിലീപിന്‍റെ ആവശ്യം നിരസിച്ചാണ്​ ജസ്റ്റിസ്​ കെ. ബാബു ഹരജിയിൽ വാദം പൂർത്തിയാക്കിയത്​.

മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയുടെയും പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും അതേ വർഷം ഡിസംബർ 13നും അനധികൃതമായി പരിശോധിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. രാത്രിയിലാണ് രണ്ടു തവണയും കാർഡ് പരിശോധിച്ചതെന്നും കണ്ടെത്തിയിരുന്നു. തുടർന്നാണ് നടി ഹൈകോടതിയെ സമീപിച്ചത്.

ദിലീപ്​ നൽകിയ ഉപഹരജി പരാമർശിച്ച്​, മെമ്മറി കാർഡ് സംബന്ധിച്ച്​ അന്വേഷണം വേണമെന്ന് നടി ആവശ്യപ്പെടുന്നതിൽ ആശങ്കയെന്തിനെന്ന്​ കോടതി വാക്കാൽ ചോദിച്ചു. അതേസമയം, ഇതേ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. രഞ്ജിത്ത്. ബി മാരാരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഇലക്ട്രോണിക് രേഖകളുടെ പരിശോധനക്ക്​ പൊതുമാനദണ്ഡം ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് നിയമനം.

കേസിന്‍റെ വിചാരണ നീട്ടിക്കൊണ്ടുപോകാനും വിചാരണ കോടതി ജഡ്ജി വിധി പറയുന്നത് ഒഴിവാക്കാനും വേണ്ടിയാണ് ഇത്തരത്തിൽ ഹരജി നൽകുന്നതെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം. ഫോറൻസിക്​ റിപ്പോർട്ട്​ പരിശോധിച്ചപ്പോൾ വലിയ വൈരുധ്യങ്ങളുണ്ടെന്ന്​ വ്യക്തമായെന്നും അഭിഭാഷകൻ വാദിച്ചു.

Tags:    
News Summary - Unauthorized checking of memory card: Actress's plea adjourned for judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.