മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കസ്റ്റഡി: പൊലീസ് നടത്തിയത് നിയമലംഘനം

കോഴിക്കോട്: അടുത്തിടെ യു.എ.പി.എയും രാജ്യദ്രോഹകുറ്റവും ചുമത്തി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് സി.ആര്‍.പി.സി നടപടിക്രമം പാലിക്കാതെ. സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും ക്രിമിനല്‍ നടപടി ചട്ടത്തിലെ (സി.ആര്‍.പി.സി) 41ാം വകുപ്പും പൊലീസ് അവഗണിച്ചു. പൊലീസിനെതിരെ പ്രതിഷേധം വ്യാപകമാക്കിയ എഴുത്തുകാരന്‍ കമല്‍ സി ചവറയുടെയും സാമൂഹിക പ്രവര്‍ത്തകന്‍ നദീറിന്‍െറയും കസ്റ്റഡിലാണ് പൊലീസിന്‍െറ ചട്ടലംഘനം.

കോടതിയുടെ ഉത്തരവും വാറന്‍ഡും ഇല്ലാതെ ഒരാളെ എപ്പോള്‍ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. കസ്റ്റഡിക്ക് മുമ്പ് വിളിച്ചുവരുത്തണമെങ്കില്‍ സി.ആര്‍.പി.സി 41എ വകുപ്പ് പ്രകാരം രണ്ടാഴ്ച സമയം നല്‍കി നോട്ടീസ് നല്‍കണം. ഈ നിയമം ലംഘിച്ചാണ് ഇരുവരെയും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വെച്ചത്. സി.ആര്‍.പി.സി 41ാം വകുപ്പ് 2010ല്‍ ഭേദഗതി വരുത്തിയാണ് ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും നോട്ടീസ് നല്‍കണമെന്ന ചട്ടം കൊണ്ടുവന്നത്. പൊലീസിന്‍െറ നിരന്തരമായ അവകാശ നിഷേധങ്ങളെ കുറിച്ച് പരാതി ഉയര്‍ന്നതിനെ തുര്‍ന്നാണ് നിയമഭേദഗതി വരുത്തിയത്. എന്നാല്‍, കേരള പൊലീസ് ഈ വകുപ്പിലെ നിര്‍ദേശം പാലിക്കാറില്ളെന്ന് പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ക്രിമിനല്‍ നടപടി നിയമം 41 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിചേര്‍ക്കപ്പെട്ട വ്യക്തിക്ക് രണ്ടാഴ്ചക്കകം സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം. സാക്ഷികളെ സ്വാധീനിക്കുമെന്നോ പ്രതിയെ ആവശ്യസമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കില്ളെന്ന് ബോധ്യപ്പെടുന്ന അവസരത്തിലോ മാത്രമേ അറസ്റ്റ് പാടുള്ളൂ എന്നും നിയമം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാര്‍ സ്വദേശി അര്‍ണീഷ്കുമാറിന്‍െറ ഹരജിയിലാണ് 2014 ജൂലൈ രണ്ടിന് സുപ്രീംകോടതി ഈ വിധി പ്രഖ്യാപിച്ചത്. ഏഴുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാത്ത ഒരു കേസിലും ധിറുതി പിടിച്ചുള്ള അറസ്റ്റ് പാടില്ല. ഇതുപാലിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. മാവോവാദി എന്ന പേരില്‍ വയനാട്ടില്‍ പൊലീസ് തടഞ്ഞുവെച്ച ശ്യാം ബാലകൃഷ്ണന്‍െറ പരാതിയില്‍ തീര്‍പ്പുകല്‍പിച്ച് 2015 മേയ് 22ന് കേരള ഹൈകോടതി നടത്തിയ നിരീക്ഷണങ്ങളും സമാനമാണ്. സംരക്ഷകരാകേണ്ട പൊലീസ് സേന വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാണെന്നായിരുന്നു ശ്യാം ബാലകൃഷ്ണന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ചൂണ്ടിക്കാട്ടിയത്.

നദീറിനെയും കമലിനെയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ പീഡിപ്പിച്ച ശേഷം മാത്രമാണ് നിയമപരമായ നോട്ടീസ് നല്‍കിയതെന്നാണ് ആരോപണം. ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇതെന്നും ആക്ഷേപമുണ്ട്. നദീര്‍ സംഭവം വിവാദമായ സാഹചര്യത്തില്‍ ഡി.ജി.പിയും കണ്ണൂര്‍ എസ്.പിയും പുറത്തിറക്കിയ വാര്‍ത്താകുറിപ്പുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. അറസ്റ്റ് നടന്നിട്ടില്ളെന്നും തുടരന്വേഷണത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണെന്നുമാണ് ഇരുവരുടെയും വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

രാജ്യത്തുതന്നെ 90 ശതമാനം അറസ്റ്റുകളും നടക്കുന്നത് ഈ നിര്‍ദേശങ്ങളും നിയമവും ലംഘിച്ചാണെന്ന് വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു ‘മാധ്യമ’ത്തോട് പറഞ്ഞു. ഭരണകൂടം അറിഞ്ഞുകൊണ്ടുള്ള ഈ നടപടികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ഹരജി നല്‍കണം. മനുഷ്യാവകാശ കമീഷന്‍, പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി എന്നിവക്ക് പുറമെ നഷ്ടപരിഹാരത്തിനായി സിവില്‍ കേസും നല്‍കണം. വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്താലും റോഡില്‍നിന്ന് പിടിച്ചു എന്ന രീതിയിലാണ് പൊലീസ് രേഖ തയാറാക്കല്‍. പി.കെ. ബസു/പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച 11 കല്‍പനകള്‍ ഉള്‍പ്പെടുത്തി സി.ആര്‍.പി.സി ഭേദഗതി വരുത്തിയതെങ്കിലും അത് നടപ്പാക്കുന്നതില്‍ പൊലീസിന് നിരന്തരം വീഴ്ച പറ്റുന്നതായും അദ്ദേഹം പ്രതികരിച്ചു.

 

Tags:    
News Summary - UAPA-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.