പി.പി. മത്തായി
പത്തനംതിട്ട: ചിറ്റാർ കുടപ്പനകുളത്ത് കർഷകനായ പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായി വനം ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ മരിച്ചിട്ട് രണ്ടുവർഷം തികയുന്നു. സർക്കാറിൽനിന്ന് ഇനിയും നീതി ലഭിച്ചില്ലെന്ന പരാതിയിലാണ് കുടുംബം.2020 ജൂലൈ 28ന് വനപാലകർ കസ്റ്റഡിയിലെടുത്ത മത്തായിയെ പിന്നീട് കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സി.ബി.ഐ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇപ്പോഴും സർവിസിലുണ്ട്. കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറായിട്ടില്ല. വനത്തിൽ സ്ഥാപിച്ച കാമറകൾ തകർത്തെന്ന കേസിലാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുത്തത്.
ഭാര്യ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് അന്വേഷണം ഹൈകോടതി സി.ബി.ഐക്ക് കൈമാറിയത്.41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ കുടുംബം നടത്തിയ സമരത്തെ തുടർന്ന് ഡെപ്യൂട്ടി റേഞ്ചറെയും സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസറെയും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ പിന്നീട് ജോലിയിൽ തിരികെ കയറി. മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് സി.ബി.ഐ വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. ഏഴ് വനം ഉദ്യോഗസ്ഥർക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ, ആർ.രാജേഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ. പ്രദീപ്കുമാർ, ജോസ് ഡിക്രൂസ്, ടി.അനിൽകുമാർ, എൻ.സന്തോഷ്കുമാർ, വി.എം. ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ.ബി. പ്രദീപ്കുമാർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
എന്നാൽ, ഇതിൽ തുടർനടപടികളായിട്ടില്ല. രണ്ടാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിച്ചിരുന്നില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ മത്തായി എങ്ങനെയാണ് കിണറ്റിൽ വീണതെന്നതിലാണ് ദുരൂഹത.
കിണറ്റിൽ ചാടി മത്തായി ആത്മഹത്യ ചെയ്തതാണെന്ന് വനപാലകർ വിശദീകരിക്കുമ്പോൾ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. 10 വർഷം വരെ തടവും പിഴശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
'കർഷക സംരക്ഷണ ദിനമായി ആചരിക്കും'
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായി (പൊന്നു മത്തായി-41)യുടെ രണ്ടാം ചരമവാര്‍ഷികമായ ജൂലൈ 28ന് കര്‍ഷക സംരക്ഷണദിനമായി ആചരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ്. ഇന്ന് രാവിലെ മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തുമെന്നും വിക്ടര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. നീതി ലഭിക്കും വരെ ശക്തമായ സമരം തുടരും. മത്തായിയുടെ രണ്ടാം ചരമദിനം കർഷക സംരക്ഷണദിനമായി പ്രഖ്യാപിക്കണം.
വനപാലകർ കർഷകരെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, മത്തായിയുടെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കുകയും വീട് നിർമിക്കാൻ സഹായിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.