അക്ബറലി ചാരങ്കാവ്, നത ഹുസൈൻ

അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളനത്തിൽ കേരളത്തിൽനിന്ന് രണ്ടുപേർ

മലപ്പുറം: സെർബിയൻ തലസ്ഥാനമായ ബെല്ഗ്രേഡിൽ നടക്കുന്ന അന്താരാഷ്ട്ര എജ്യുവിക്കി സമ്മേളത്തിൽ മലയാളികളായ രണ്ട് പേർ പങ്കെടുക്കുന്നു. അക്ബറലി ചാരങ്കാവ് (യു.എ.ഇ), ഡോ. നത ഹുസൈൻ (സ്വീഡൻ) എന്നിവരാണ് ഇത്തവണ അവസരം ലഭിച്ച മലയാളികൾ. ഇന്ത്യയിൽനിന്നും ആകെ നാലു പേർക്കാണ് അവസരം ലഭിച്ചത്.
ഇന്റർനെറ്റിലെ സൗജന്യ വിജ്ഞാന കോശമായ വിക്കിപീഡിയയുടെ അനുബന്ധ സംരഭങ്ങളിലൊന്നാണ് എജ്യുവിക്കി. വിക്കിപീഡിയയക്ക് പുറമെ വിക്കിഡാറ്റ, കോമൺസ്, വിക്കിഗ്രന്ഥശാല തുടങ്ങിയ സംരഭവങ്ങളിൽ സേവനം ചെയ്യുന്നവരും വിദ്യാഭ്യാസ രംഗത്തുള്ളവരും പങ്കെടുക്കുന്നതാണ് എജ്യുവിക്കി സമ്മേളനം. 28 വരെയാണ് പരിപാടി നടക്കുന്നത്.

സെക്കൻഡറി സ്കൂളിലെ വിക്കിഡാറ്റ പ്രവർത്തനങ്ങളെ കുറിച്ച് അക്ബറലിയും നിർമ്മിത ബുദ്ധിയും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ നത ഹുസൈനും അവതരണം നടത്തും. 13 വർഷമായി വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിലേക്ക് വിവരങ്ങൾ ചേർക്കുന്ന സന്നദ്ധ പ്രവർത്തകനാണ് അക്ബറലി. നിലവിൽ മലയാളം വിക്കിപീഡിയയിൽ രണ്ടായിരത്തോളം ലേഖനങ്ങൾ ചേർത്ത ഇദ്ദേഹം വിക്കിഡാറ്റയിൽ ലക്ഷക്കണക്കിന് തിരുത്തലുകളും നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ വിക്കിമീഡിയയുടെ പ്രയോഗ സാധ്യതകളിലാണ് അടുത്തകാലത്തായി കൂടുതലായും വ്യാപൃതനായിട്ടുള്ളത്. ദുബൈ അമിറ്റി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം മേധാവിയായി ജോലിചെയ്യുന്ന അക്ബറലി, 2019ൽ ജർമനിയിൽ നടന്ന വിക്കിഡാറ്റ അന്താരാഷ്ട്ര സമ്മേളനം, 2022 ദുബൈ വിക്കി അറേബ്യ, കഴിഞ്ഞ മാസം ഹൈദരാബാദിൽ നടന്ന വിക്കിമീഡിയ ഇന്ത്യ സമ്മേളനം തുടങ്ങിയവയിലും പങ്കെടുത്തിട്ടുണ്ട്. വണ്ടൂർ ചാത്തങ്ങോട്ടുപുറം കറുത്തേടത്ത് സൈനബയുടെയും പരേതനായ മുണ്ടയില് അഹമ്മദ് കുട്ടിയുടെയും മകനാണ്. ഭാര്യ: ആയിശ മർജാന. മകൾ: ഫാത്തിമ മറിയം.

സ്വീഡനിൽ ഡോക്ടറും ക്ലിനിക്കൽ ന്യൂറോ സയന്റിസ്റ്റുമായ നത 2010ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വൈദ്യശാസ്ത്ര വിദ്യാർത്ഥിയായിരുന്നപ്പോഴാണ് തന്റെ വിക്കിപീഡിയ കരിയർ ആരംഭിച്ചത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നടന്ന വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്ന വനിതകളുടെ അന്തർദേശീയ സമ്മേളനം തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ വൈദ്യശാസ്ത്ര വിജ്ഞാനവും വിവരങ്ങളും പ്രചരിപ്പിക്കുന്നതിനും പങ്കിടുന്നതിനുമുള്ള സംഭാവനകൾ മാനിച്ച് 2020ലെ വിമൻ ഇൻ ഓപ്പൺ സോഴ്സ് അക്കാദമിക് അവാർഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് മാനേജരായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നത ഹുസൈൻ. ഭർത്താവ്: അൻവർ ഹുസൈൻ.

Tags:    
News Summary - Two people from Kerala for Edu Wiki conference at Belgrade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.