വീട്ടുമുറ്റത്ത് 38 കഞ്ചാവ് ചെടി വളർത്തി, ​കൈയിൽ 10.5 കിലോ കഞ്ചാവും; പിടിക്കാൻ പോകുമ്പോൾ പട്ടിയെ അഴിച്ചുവിടും, ​കൊല്ലത്ത് രണ്ടുയുവാക്കൾ അറസ്റ്റിൽ

കൊല്ലം: വീട്ടുമുറ്റത്ത് വളർത്തിയ 38 കഞ്ചാവ് ചെടികളും കൈവശം സൂക്ഷിച്ച 10.549 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ഓച്ചിറ മേമന ദേശത്ത് മനീഷ് ഭവനത്തിൽ മനീഷ് എന്ന മോളി (27), ഓച്ചിറ മേമന ദേശത്ത് ഇടയിലെ വീട്ടിൽ അഖിൽ കുമാർ (31) എന്നിവരാണ് പിടിയിലായത്.

അഖിൽ കുമാറിന്റെ വീട്ടുമുറ്റത്ത് ചട്ടിയിൽ വളർത്തിയ ഒമ്പത് കഞ്ചാവ് ചെടികളും സമീപം വളർത്തിയ 29 കഞ്ചാവ് ചെടികളും കണ്ടെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ പാഴ്സലുകൾ ആക്കിയ നിലയിൽ പത്തരകിലോയോളം കഞ്ചാവും പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നേരത്തെ രണ്ടുതവണ എം.ഡി.എം.എ കണ്ടെടുത്ത സംഭവത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫിസിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയാണ് മനീഷ്. 105 ഗ്രാം, 2.5 ഗ്രാം എം.ഡി.എം.എയാണ് അന്ന് പിടികൂടിയത്. അഖിൽകുമാറിന്റെ പേരിലും നേരത്തെ കേസുകൾ ഉണ്ട്.

പ്രതികൾ ഇരുവരും പരസ്പരധാരണയോടെ കഞ്ചാവ് കൃഷിയും കഞ്ചാവ് കച്ചവടവും നടത്തിവരുകയായിരുന്നു. മുൻകേസുകളിൽ മനീഷിനെ അറസ്റ്റ് ചെയ്യാൻ പല പ്രാവശ്യം ശ്രമി​ച്ചെങ്കിലും വീട്ടിൽ വളർത്തിവരുന്ന നായ്ക്കളെ അഴിച്ച് വിട്ട് രക്ഷപെടുകയായിരുന്നുവത്രെ. കുറെ നാളുകളായി ഇയാൾ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടത്തിവന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി. ദിലീപ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി. വിധുകുമാർ, പ്രിവന്റീവ് ഓഫിസർ ജെ.ആർ. പ്രസാദ്കുമാർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസർ മനു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, ബി.എസ്. അജിത്, ജൂലിയൻ ക്രൂസ്, ജെ. ജോജോ, പി.എസ്. സൂരജ്, എച്ച്. അഭിരാം, വനിതാ സിവിൽ എക്സൈസ് ഓഫിസർ എസ്. ജാസ്മിൻ, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - two arrested in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.