അനിൽ കുമാർ

‘പ്രതിസന്ധിഘട്ടത്തിൽ ആരും സഹായിച്ചില്ല’; ആത്മഹത്യ കുറിപ്പെഴുതി ബി.ജെ.പി കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതി ബി.ജെ.പി നേതാവും തിരുവനന്തപുരം കോർപറേഷൻ തിരുമല വാർഡ് കൗൺസിലറുമായ തിരുമല അനിൽ കുമാർ ജീവനൊടുക്കി. വലിയശാല ഫാം ടൂർ സൊസൈറ്റി ഓഫിസിലാണ് അനിൽ കുമാർ ആത്മഹത്യ ചെയ്തത്.

രാവിലെ എട്ടു മണിക്ക് ഓഫിസിലെത്തിയ അനിൽ തൂങ്ങി മരിക്കുകയായിരുന്നു. അനിൽകുമാറിന്‍റേതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അനിൽ കുമാർ പ്രസിഡന്‍റായ വലിയശാല ഫാം ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങളിൽ താൻ തനിച്ചായെന്നും ആരും സഹായിച്ചില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

സൊസൈറ്റിയിൽ പ്രശ്നമുണ്ടായപ്പോൾ താൻ ഒറ്റപ്പെട്ടു. മറ്റാരും സഹായിച്ചില്ല. ഒറ്റ പൈസ പോലും എടുത്തില്ല. എല്ലാ കുറ്റങ്ങളും തന്‍റെ നേർക്കായി. അതിനാൽ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നത്.

ടൂർ സൊസൈറ്റി ആറു കോടി രൂപലധികം വായ്പ നൽകിയിട്ടുണ്ട്. സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നം വന്നതോടെ നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാൻ സാധിച്ചില്ല. ഇതേതുടർന്ന് തമ്പാനൂർ പൊലീസിൽ പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റി ഭാരവാഹിയായ അനിൽ കുമാറിനോടാണ് പൊലീസ് വിവരങ്ങൾ തേടിയത്.

അതിനിടെ, ബി.ജെ.പി കൗൺസിലറുടെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പാർട്ടി പ്രവർത്തകർ കൈയേറ്റം ചെയ്തു. സൊസൈറ്റി ഓഫിസിൽ എത്തിയ പത്രം, ചാനൽ ലേഖകരെയാണ് പ്രവർത്തകർ കൈയേറ്റം ചെയ്തത്. മാധ്യമപ്രവർത്തകരെ കെട്ടിടത്തിന്‍റെ നടയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും കാമറകൾ നശിപ്പിക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തത് പാർട്ടിയുടെ അറിവോടെയല്ലെന്നും പരിശോധിക്കാമെന്നും ജില്ല പ്രസിഡന്‍റ് കരമന ജയൻ വ്യക്തമാക്കി.

അതേസമയം, അനിൽകുറിന്‍റെ ആത്മഹത്യ കുറിപ്പിൽ വിശദീകരണവുമായി ബി.ജെ.പി ജില്ലാ നേതൃത്വം രംഗത്തെത്തി. ടൂർ സൊസൈറ്റിക്ക് പാർട്ടിയുമായി നേരിട്ട് ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. നിക്ഷേപകർക്ക് പണം സമയബന്ധിതമായി തിരികെ നൽകാൻ സാധിക്കാതെ വന്നപ്പോൾ പരാതി വന്നു.

പരാതിക്കാരെ പാർട്ടി നേരിട്ട് സമീപിക്കുകയും പണം തിരികെ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തു. സൊസൈറ്റിക്ക് ആസ്തിയുള്ളതിനാൽ നിക്ഷേപം തിരികെ നൽകാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അതിനാൽ പാർട്ടി നേതൃത്വത്തെ തള്ളിപ്പറയേണ്ട സാഹചര്യമില്ല. പുറത്തുവരുന്നത് തെറ്റായ കാര്യങ്ങളാണെന്നും കരമന ജയൻ പറയുന്നു.

Tags:    
News Summary - Trivandrum Corporation BJP councillor commits suicide by writing a suicide note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.