തൃപ്പൂണിത്തുറ: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽനിന്ന് ജയിച്ച തനിക്കെതിരെ എതിർസ്ഥാനാർഥിയും സി.പി.എം നേതാവുമായ എം. സ്വരാജ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിച്ചതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് കെ. ബാബു. കേസ് പിൻവലിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ജനകീയ കോടതിയിൽ പരാജയപ്പെട്ട ആളുകൾ ജയിച്ചവരെ കാരണങ്ങളൊന്നുമില്ലാതെ കോടതിയിൽ പോയി ബുദ്ധിമുട്ടിക്കുന്നത് ജനാധിപത്യപരമായി ഒട്ടും ശരിയല്ല. ഒരടിസ്ഥാനവുമില്ലാതെ കേസ് കൊടുക്കുക, അതിനുശേഷം സുപ്രീം കോടതി വരെ പോവുക. പിന്നെ എന്തിനാണ് പിൻവലിച്ചത്? ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജനാധിപത്യ ബോധം പ്രകടിപ്പിക്കുന്നത് നല്ലതാണ്. ജയിച്ച ആളുകളെ അംഗീകരിക്കാനുള്ള മാന്യത എല്ലാ ഭാഗത്തും ഉണ്ടാവേണ്ടത് ആവശ്യമാണ്’ -അദ്ദേഹം പറഞ്ഞു.
‘അയ്യപ്പന്റെ പേരിൽ വോട്ട് പിടിച്ചു എന്നായിരുന്നു ആരോപണം. അത് അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു കഴിഞ്ഞല്ലോ. ശബരിമല അയ്യപ്പനിൽ എനിക്ക് വിശ്വാസമുണ്ട്. ഞാൻ പലപ്രാവശ്യം മലക്ക് പോയിട്ടുമുണ്ട്. പക്ഷെ അതിന്റെ പേരിൽ വോട്ട് പിടിച്ചിട്ടില്ല. ജനങ്ങൾ വോട്ട് ചെയ്ത് ജയിച്ചു അത്രേ ഉള്ളൂ’ -ബാബു പറഞ്ഞു.
ബിജെപിയുടെ വോട്ട് മറിച്ചു എന്ന ആരാപേണത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഞാൻ ആദ്യം സ്ഥാനാർഥിയായി നിൽക്കുന്ന സമയത്ത് 7,000 വോട്ടേ ബി.ജെ.പിക്ക് കിട്ടിയിട്ടുള്ളൂ. 2016 ൽ അവർ നില മെച്ചപ്പെടുത്തി. അന്ന് ബി.ജെ.പിക്കാരല്ലാത്തവർ അവർക്ക് വോട്ടുചെയ്തുകാണും. കഴിഞ്ഞ തവണ ഒരുപാട് ആളുകൾ എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവരിൽ ചിലർ ഒരുപക്ഷെ 2016ൽ ബി.ജെ.പിക്ക് വോട്ട് ചെയ്തവർ ആയിരിക്കും. അവർ ബിജെപിക്കാരൊന്നുമല്ല. ഈ ടൗണിലൊക്കെ താമസിക്കുന്ന എനിക്ക് വ്യക്തിപരമായി ബന്ധമുള്ള ആളുകളാണ്. ബിജെപി അന്ന് കുറച്ച് വോട്ട് കൂടുതൽ പിടിച്ചു എന്നു കരുതി അത് ബിജെപിയുടെ അടിസ്ഥാന വോട്ടാണെന്നൊന്നും പറയാൻ സാധിക്കില്ല. എനിക്ക് കാലങ്ങളായി ചെയ്തുകൊണ്ടിരുന്ന വോട്ടർമാര് 2021ൽ എന്നെ സഹായിച്ചു. ബിജെപി എനിക്ക് വോട്ട് ചെയ്തിട്ടൊന്നുമില്ല’ -അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തറയിൽ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്നും കെ. ബാബു പ്രതികരിച്ചു.
കെ. ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന് ആരോപിച്ച് ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയതിനെ തുടർന്നായിരുന്നു സ്വരാജ് സുപ്രീംകോടതിയിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ അപ്പീൽ അപ്രസക്തമായെന്ന് ചുണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ച ശേഷം വാദം കേൾക്കും മുമ്പേ പിൻവലിച്ചത്. നിലമ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിലും സ്വരാജ് മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ. ബാബു വോട്ട് പിടിച്ചു എന്നതായിരുന്നു എം. സ്വരാജിന്റെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു, കെ. ബാബു തോറ്റാൽ അത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നെല്ലാം അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നു. നേരത്തെ ഈ ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.