തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീംകോടതിയിൽ; കെ.ബാബുവിനും സ്വരാജിനും നിർണായക ദിനം

തിരുവനന്തപുരം: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ തൃപ്പൂണിത്തുറ എം.എൽ.എ കെ.ബാബു നൽകിയ ഹരജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന് ആരോപിച്ച്  കെ.ബാബുവിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന എം.സ്വരാജ് നൽകിയ ഹരജി നിലനിൽക്കുമെന്ന്‌ കേരള ഹൈകോടതി ഈ വർഷം മാർച്ചിൽ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബാബു സുപ്രീംകോടതിയിൽ എത്തിയത്.

ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം  തീര്‍പ്പാക്കണമെന്ന് എം.സ്വരാജ് കോടതിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റിയത് സെപ്റ്റംബർ നാലിനാണ്. കെ ബാബുവിന്റെ അഭിഭാഷകന്റെ ആവശ്യം കണക്കിലെടുത്താണ് അപ്പോൾ കേസ് മാറ്റിയത്. അതേസമയം, ഹരജിക്കാരനായ കെ.ബാബു അനന്തമായി കേസ് നീട്ടുന്നുവെന്ന് എം.സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപമുന്നയിച്ചിരുന്നു.

2021ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃപ്പൂണിത്തുറയിൽ 992 വോട്ടുകൾക്കാണ് സ്വരാജിനെതിരെ കെ.ബാബു വിജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ട് പിന്നാലെ, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ അയ്യപ്പനെ മുൻനിർത്തിയാണ് കെ.ബാബു പ്രചാരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി സ്വരാജ് ഹൈകോടതിയിലെത്തുകയായിരുന്നു.

അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം. സ്വരാജിന്റെ ഹരജി. ഇതിന്‍റെ തെളിവുകളും കോടതിയിൽ സമർപ്പിച്ചു. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു സ്വരാജിന്‍റെ വാദം. ബാബുവിന്‍റെ തടസ വാദം തള്ളിയാണ് അന്ന് ഹൈകോടതി ഹരജി നിലനിൽക്കുമെന്ന്‌ ഉത്തരവിട്ടത്.

Tags:    
News Summary - Tripunithura election case in Supreme Court; Crucial day for K. Babu and Swaraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.