പാലക്കാട്: പി.വി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓഡിനേറ്റർ മിൻഹാജ് സി.പി.എമ്മിൽ ചേർന്നു. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പിയിൽ ചേക്കേറുമെന്ന് ഭയമുള്ളതിനാലാണ് ഇടതുചേരിക്കൊപ്പം ചേരുന്നതെന്ന് മിൻഹാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തൃണമൂലിലെ സ്ഥാനങ്ങള്‍ രാജിവെച്ചതായും ഉപതെരഞ്ഞെടുപ്പ് സമയത്ത് പി.വി. അൻവറിനെ പാലക്കാട്ട് പിന്തുണച്ച മറ്റു പ്രവർത്തകരും സി.പി.എമ്മിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ ഡി.എം.കെയുടെ സ്ഥാനാർഥിയായി തുടക്കത്തിൽ രംഗത്തുവന്നയാളാണ് മിന്‍ഹാജ്. പിന്നീട് അൻവർ സ്ഥാനാർഥിയെ പിൻവലിക്കുകയായിരുന്നു.
അന്‍വറുമായുള്ള ബന്ധം ഒഴിവാക്കിയെത്തിയ മിന്‍ഹാജിനെ സ്വീകരിക്കുന്നതായി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു വാർത്തസമ്മേളനത്തിൽ പറഞ്ഞു. മിന്ഹാജിന് എല്ലാ സംരക്ഷണവും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ മിന്ഹാജിന് സ്വീകരണം നൽകി.
എൽ.ഡി.എഫ് വിട്ട് പി.വി. അന്‍വര്‍ ഡി.എം.കെ രൂപവത്കരിച്ചപ്പോള്‍ പാലക്കാട് ജില്ല സെക്രട്ടറികൂടിയായിരുന്നു മിന്‍ഹാജ്. പിന്നീട് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു പോയപ്പോള്‍ മിന്‍ഹാജും കൂടെപ്പോയി. മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം അട്ടിമറിച്ച അന്‍വറിനുള്ള മറുപടി കൂടിയാണ് മിന്‍ഹാജിലൂടെ സി.പി.എം നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.