കല്‍പറ്റ: വയനാട്ടില്‍ കാടിനോടുചേര്‍ന്ന കുഗ്രാമങ്ങളിലൊന്നില്‍ താമസക്കാരനായ കണ്ടാമല രാമചന്ദ്രന്‍ എന്ന ആദിവാസി യുവാവ് അതീവ ശ്രമകരമായൊരു ദൗത്യം സ്വയം ഏറ്റെടുത്ത് വിജയവഴിയിലാണ്. അന്യംനിന്നുപോവുന്ന ആദിവാസി ഭാഷകളുടെ നിലനില്‍പിനായി ഒരു നിഘണ്ടു തയാറാക്കുകയെന്ന രാമചന്ദ്രന്‍െറ സ്വപ്നം ലക്ഷ്യത്തോടടുക്കുകയാണ്. പുല്‍പള്ളി വേലിയമ്പം സ്വദേശിയായ ഈ 41കാരന്‍ ഇതിനായി ഒരുങ്ങിയിറങ്ങിയിട്ട് പത്തുവര്‍ഷത്തിലധികമായി. വയനാട്ടിലെ അഞ്ച് ആദിവാസി വിഭാഗക്കാര്‍ വാമൊഴിയായി ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ഥം മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. നൂറുകണക്കിന് കടലാസുകളിലായി എഴുതിത്തയാറാക്കിയിരിക്കുന്ന ഡിക്ഷനറി ഒരു മാസത്തിനകം അച്ചടിച്ച് പൂര്‍ത്തിയാക്കും.
തനത് ആദിവാസി ഭാഷകളില്‍നിന്ന് പുതുതലമുറ അകന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവ നശിച്ചുപോകരുതെന്ന ആഗ്രഹമാണ് ഇതിനു പിന്നിലെന്ന് രാമചന്ദ്രന്‍ ‘മാധ്യമ’ത്തോടു പറഞ്ഞു. കുറുമ വിഭാഗക്കാരനായ ഇദ്ദേഹം മികച്ച കര്‍ഷകന്‍ കൂടിയാണ്. പശുവളര്‍ത്തലിനും കാര്‍ഷികവൃത്തികള്‍ക്കുമിടയില്‍ ലഭിക്കുന്ന സമയത്താണ് വാക്കുകള്‍ പകര്‍ത്തിയെഴുതുന്നത്. ഇതിനായി കേരളത്തിലുടനീളം പല ആദിവാസി കോളനികളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വയനാട്ടില്‍ തനിക്കു പരിചയമുള്ള വിവിധ കോളനികളിലെ പഴയ തലമുറയെയാണ് രാമചന്ദ്രന്‍ കൂടുതലായി ആശ്രയിക്കുന്നത്.
കുറുമ സമുദായത്തിലെ നേതാക്കളിലാരാളും മൂന്നു പതിറ്റാണ്ടിലധികം പുല്‍പള്ളി പഞ്ചായത്ത് അംഗവുമായിരുന്ന പിതാവ് കണ്ടാമല മാധവനും മകന്‍െറ ശ്രമങ്ങളെ പിന്തുണക്കുന്നു. കുറുമ വിഭാഗത്തിനു പുറമെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗക്കാരുടെ ഭാഷകളുടെ സംരക്ഷണമാണ് ആദിവാസി നിഘണ്ടു തയാറാക്കുന്നതിലൂടെ ഉന്നമിടുന്നത്. പിശാച് എന്നതിന് പിണ്ഡകന്‍ എന്നാണ് അടിയ വിഭാഗക്കാര്‍ പറയുന്നത്. പണിയ, കുറുമ വിഭാഗക്കാര്‍ക്ക് പിശാച് ‘ചാതി’ ആണ്. ഊരാളി വിഭാഗക്കാര്‍ മുതിറേ എന്നും കാട്ടുനായ്ക്കര്‍ പേയി, ഗാളി എന്നും വിളിക്കുന്നു. ഈ രീതിയില്‍ മലയാളത്തില്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന മുഴുവന്‍ പദങ്ങളുടെയും വ്യത്യസ്ത ആദിവാസി ഭാഷ്യം ഡിക്ഷനറിയിലുണ്ട്.
2000 പേജ് വരുന്ന ഡിക്ഷനറി വൈകാതെ ഭാഷാപണ്ഡിതരുടെ പരിശോധനക്കായി സമര്‍പ്പിക്കും. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള രാമചന്ദ്രന്‍ നേരത്തേ, ട്രൈബല്‍ പ്രമോട്ടറുടെ ജോലി ചെയ്തിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുമുണ്ട്. അമ്മ ദേവി, ഭാര്യ ഗീത, മകന്‍ കൈലാസ് നാഥ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.