ആദിവാസി ഭൂമി കൈയേറ്റ വാര്‍ത്ത: ആര്‍. സുനിലിനെതിരെ കേസെടുത്ത നടപടി അപലപനീയം -എസ്.ഡി.പി.ഐ

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി ഭൂമി കൈയേറിയ സംഭവം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. ആര്‍. സുനിലിനെതിരെ കേസെടുത്ത പൊലീസ് നടപടി അപലപനീയമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണിത്. മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന ഇടതു ഭരണത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയപ്പെടേണ്ട സാഹചര്യമാണ്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭൂപ്രശ്‌നങ്ങളുടെയും ഭൂമി തട്ടിയെടുക്കലിന്റെയും വാര്‍ത്തകളും കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് അറിവ് പകരുന്ന തരത്തിലുള്ള രേഖകളും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ കണ്ടെത്തി പുറത്തുകൊണ്ടുവന്ന മികച്ച മാധ്യമപ്രവര്‍ത്തകനാണ് ഡോ. ആര്‍. സുനില്‍. സ്വദേശി-വിദേശി കുത്തകകള്‍ അനധികൃമായി കൈവശംവെച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി സംബന്ധിച്ച രേഖകളും വിവരങ്ങളും പുറത്തുകൊണ്ടുവന്നത് സുനിലാണ്. 'ഹാരിസണ്‍സ്: രേഖയില്ലാത്ത ജന്മി' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അധികാരികളുടെ കണ്ണിലെ കരടായയതില്‍ അദ്ഭുതമില്ല.

ആദിവാസി ഭൂമി കൈയേറ്റത്തില്‍ ആരോപണവിധയേനായ ആള്‍ക്കുവേണ്ടി പൊലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും തയാറാവണം. ആദിവാസി മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെയും അവരുടെ അവകാശ നിഷേധങ്ങളെയും സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്ന സുനിലിനെതിരായ കേസ് നിരുപാധികം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Tribal land encroachment news: Action against R. Sunil is condemnable -SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.