അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റം: കെ.കെ രമ സ്പീക്കർക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുന്നത് സംബന്ധിച്ച് കെ.കെ രമ എം.എൽ.എ നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിന് റിപ്പോർട്ട് നൽകി. മാധ്യമം ഓൺലൈൻ വാർത്തയെ തുടർന്ന് കെ.കെ. രമ എം. എൽ.എ.യുടെ നേത്യത്വത്തിൽ ആദിവാസി-ദലിത് -പൗരവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന വസ്‌തുതാന്വേഷണ സംഘം 2023 നവംബർ 13നാണ് അട്ടപ്പാടി സന്ദർശിച്ചത്.

ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറ വില്ലേജിലെ അധ്വാനപ്പെട്ടി ഭാഗത്തുള്ള സർവേ നമ്പർ 1275, 1819 എന്നീ മേഖലകളിലെ റവന്യൂ ഭൂമിയും, വനഭൂമിയും, ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിലുമുള്ള കൈയേറ്റങ്ങൾ വസ്താന്വേഷണ സംഘം നിരീക്ഷിക്കുകയും, വിശദമായ തെളി വെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.  നിരവധി ആദിവാസികൾ എം.എൽ.എക്ക് പരാതി നൽകിയിരുന്നു. 1999 മുതൽ സർക്കാർ വിതരണം ചെയ്തത് പട്ടയ കടലാസ് മാത്രമാണെന്നും ആദിവാസികൾ മൊഴിൽ നൽകി.

2010-ന് മുമ്പുള്ള വർഷങ്ങളിൽ സർവേ നമ്പർ 1275, 1273 എന്നിവയിൽ കാറ്റാടിപ്പാടങ്ങൾക്ക് വേണ്ടി കൈയേറ്റം നടന്ന സ്ഥലങ്ങളിലാണ് വീണ്ടും ഭൂമി കൈയേറ്റം നടക്കുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അധ്വാനപ്പെട്ടി ഭാഗത്തുള്ള കുന്നിൽ പ്രദേശങ്ങളിലും താഴ്‌വാരങ്ങളിലുമുള്ള മുഴുവൻ മരങ്ങളും ജൈവസമ്പത്തും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൂർണമായും നീക്കം ചെയ്തകയും ഏതാണ്ട് 100 ഓളം ഏക്കറിൽ കൈയേറ്റം നടത്തിയതായി ബോധ്യപ്പെട്ടു. “സഞ്ജീവനി അഗ്രോ ഓർഗാനിക്‌ഫാം" എന്നപേരിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നു. ഇത് സർവേ നമ്പർ 1819 ലുള്ള ഭൂമിയാണ്.

സർവേ നമ്പർ 1275-ൽ സംരക്ഷിക്കപ്പെട്ടുവന്നിരുന്ന 42 ഏക്കർ വരുന്ന വനഭൂമി പൂർണമായും വെട്ടി നീക്കയതായും കണ്ടു. 1275-ലെ സർവേ നമ്പറി​െൻറ എല്ലാഭാഗങ്ങളിലേക്കും സഞ്ചരിക്കാൻ കഴിയും വിധം കൈയേറ്റക്കാർ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്. സർവെ നമ്പർ 1275-നോട് ചേർന്ന് കിടക്കുന്ന 1819 എന്ന സർവെ നമ്പർ 1999-മുതൽ വിവിധഘട്ടങ്ങളിലായി ആദിവാസികൾക്ക് പതിച്ച് പട്ടയം നൽകിയ ഭൂമിയാണ്.

ഈ സർവേ നമ്പറിൽപ്പെട്ട ഭൂപ്രദേശം ഏറെക്കുറെ മുഴുവനും അടിക്കാടും മരങ്ങളും വെട്ടിനീക്കി റോഡുകൾ നിർമിക്കുകയും കൈയേറ്റക്കാർ കൈവശ പ്പെടുത്തിയതായും കണ്ടു. കൈയേറ്റത്തി​െൻറ സ്വഭാവം വച്ചുനോക്കുമ്പോൾ, വൻ നിക്ഷേപകരുടെ പിൻബലത്തോടെ ഭരണാധികാരികളെയോ നിയമങ്ങളെയോ വകവെക്കാതെ നടക്കുന്ന കൈയേറ്റങ്ങളാണെന്ന് വ്യക്തമാണ്.

ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ച് നിർഭയം നടക്കുന്ന കൈയേറ്റമാണിത്. 2010-കാലഘട്ടങ്ങളിലെ ഉന്നതതല അന്വേഷണവും 2013-ലെ വിജിലൻസ് അന്വേഷണവും പുറത്തു കൊണ്ടുവന്നതുപോലെ വ്യാജ ആധാരങ്ങളും രേഖകളും ഉപയോഗിച്ചു കൊണ്ടുള്ള കൈയേറ്റങ്ങളാണ് ഇവിടെ നടക്കുന്നത്.

അഗളി സബ് രജിസ്ട്രാർ ഓഫീസിലും, റവന്യൂ ഓഫീസുകളിലും, ലാൻറ് ട്രൈബ്യൂണലിലും, ആധാരം എഴുത്ത് ഓഫീസുകളിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  നിയമവിരുദ്ധ സംവിധാനം അട്ടപ്പാടിയിൽ ശക്തമായി പ്രവർത്തിക്കുന്നു. ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി നൽകുന്ന സംഘം നിലവിലുണ്ട്. വർഷങ്ങളായി ആദിവാസികൾ കരമടച്ച് കൃഷിചെയ്യുന്ന ഭൂമിയിലും, 1975 ലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കാനുള്ള നിയമവുമായി ആർ.ഡി.ഒ. ഓഫീസിൽ വ്യവഹാരം നടക്കുന്ന ടി.എൽ.എ കേസ് ഭൂമിയിലും വ്യാജ ആധാരങ്ങൾ വ്യാപകമായി ഈ സംഘം നിർമിച്ചിരിക്കുന്നു.

ഈ വ്യാജ ആധാരങ്ങൾ ഉപയോഗിച്ച് സിവിൽ കോടതിയെ സമീപിച്ച് പൊലീസ് സംരക്ഷണം തേടിയാണ് കൈയേറ്റക്കാർ പ്രത്യക്ഷപ്പെടുന്നത്. അട്ടപ്പാടിയിലെ പൊലീസ് ആദിവാസികൾക്ക് എതിരാണ്. ആദിവാസികൾ നൽകുന്ന പരാതി പോലും പൊലീസ് സ്വീകരിക്കുന്നില്ല.

കേരളത്തിന് അകത്തും പുറത്തും രജിസ്റ്റർ ചെയ്ത നിരവധി ട്രസ്റ്റുകൾ നൂറുകണക്കിന് ഏക്കർ ഭൂമി സ്വന്തമാക്കിയിരിക്കുന്നു. ഭൂപരിധി ലംഘിച്ച്, നിയമവിരുദ്ധമായി എങ്ങിനെ വിദൂര ദേശങ്ങളിലെ ട്രസ്റ്റുകളുടെ കൈയിൽ ആദിവാസി ഭൂമി എത്തിച്ചേർന്നതെന്ന് രജിസ്ട്രേഷൻ വകുപ്പും റവന്യൂ വകുപ്പും പ്രത്യേകം അന്വേ ഷിക്കണം. ഉന്നതതല സമിതി റിപ്പോർട്ടുകളും, വിജിലൻസ് റിപ്പോർട്ടുകളും നടപ്പാക്കുന്നത് മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് നിയമവാഴ്ച തകർക്കപ്പെട്ടിരിക്കുന്നത്.

സർക്കാർ ഇക്കാര്യത്തിൽ നിജസ്ഥിതി പരിശോധിച്ച് യുക്തമായ നടപടി നിർദേശിക്കാനും ആദിവാസി ഭൂമിയും, വനഭൂമിയും, സർക്കാർ ഭൂമിയും സംരക്ഷിക്കാനും അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ സർവെ നമ്പർ 1275, 1819 എന്നീ സർവെ നമ്പരുകളിൽ നടക്കുന്ന കൈയേറ്റത്തെ സംബന്ധിച്ച് അന്വേഷിക്കാൻ നിയമസഭാ സമിതിയെ ചുമതലപ്പെടുത്താൻ സ്‌പീക്കർ യുക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദനും കെ.പി പ്രകാശനവും റിപ്പോർട്ട് കൈമാറുമ്പോൾ എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Tribal land encroachment in Attappadi: KK Rama gave a report to the Speaker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.