തിരുവനന്തപുരം: മഴ ശക്തിപ്പെട്ടാൽ ദേശീയപാതയിൽ ഇനിയും ഇടിയലും പൊളിയലുമുണ്ടാകുമെന്നും അതിൽ ആർക്കാണ് തർക്കമുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാധാരണ രീതിയിൽ വരുന്ന വിള്ളലോ പ്രശ്നങ്ങളോ സഹിക്കാം. ഇവിടെ അങ്ങനെയല്ലാതെ വന്നതുകൊണ്ടാണ് ഹൈവേ അതോറിറ്റി കരാറുകാരെ കരിമ്പട്ടിയിൽ ഉൾപ്പെടുത്തിയത്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതായി അവശേഷിക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ദേശീയപാത നിർമാണത്തിനിടെ, മഴക്കാലത്തുണ്ടായ ചില പ്രശ്നങ്ങൾ സംസ്ഥാന സർക്കാറിന്റെ വീഴ്ചയാണെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത യാഥാർഥ്യമാകരുതെന്ന് നേരത്തെ കണക്കാക്കിയവർ ഇപ്പോഴെത്തെ പ്രശ്നങ്ങളിലെങ്കിലും നിർമാണം ‘തടസ്സപ്പെടുമെങ്കിൽ ആകട്ടെ’ എന്ന ദുർബുദ്ധിയിലാണ്. അവരുടെയൊന്നും മനപ്പായസം ഇവിടെ യാഥാർഥ്യമാകില്ല.
ഏതെങ്കിലും തരത്തിലെ ചില പ്രശ്നങ്ങളുണ്ടായെന്ന് കരുതി ദേശീയപാത ആകെ പൊളിഞ്ഞുപോകുമെന്ന് കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷിക സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിർമാണ ഘട്ടത്തിൽ സാങ്കേതികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് ഗൗരവമായ പരിശോധന സ്വാഭാവികമായും നാഷനൽ ഹൈവേ അതോറിറ്റി നടത്തും. ഇപ്പോൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് അതിന്റെ ഭാഗമാണ്. ഇതൊന്നും കേരളത്തിലെ മരാമത്ത് വകുപ്പല്ല ചെയ്യുന്നത്. അതെല്ലാം ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടത് നാഷനൽ ഹൈവേ അതോറിറ്റിയാണ്. എ
ൽ.ഡി.എഫിനെ എതിർക്കുന്ന യു.ഡി.എഫും ബി.ജെ.പിയും ഒരേപോലെ നടത്തുന്ന പ്രചാരണങ്ങൾ പരിഹാസ്യമാണ്. നിലവിലുണ്ടായ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കും. അതേസമയം തുടർപ്രവർത്തനത്തിനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.