തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കുക എന്ന സങ്കൽപത്തിൽ ആരംഭിച്ച തൽക്കാൽ റെയിൽവേ ലാഭം കൊയ്യാനുള്ള കുറുക്കുവഴിയാക്കുന്നു. കോച്ചിന്റെ പരമാവധി ശേഷിയുടെ 30 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന വ്യവസ്ഥ കാറ്റിൽപറത്തി മൊത്തം ടിക്കറ്റിന്റെ 50 ശതമാനവും സീസണുകളിൽ അതിലേറെയും തൽക്കാലിലേക്ക് മാറ്റുകയാണ് റെയിൽവേ.
സ്വാഭാവികമായും സാധാരണ ടിക്കറ്റ് വേഗം തീരുകയും തൽക്കാൽ എടുക്കാൻ യാത്രക്കാർ നിർബന്ധിതരാവുകയും ചെയ്യും. ക്രിസ്മസ് കാലത്തെ ട്രെയിൻ റിസർവേഷനുകൾ ഈ ദുരനുഭവത്തിന് സാക്ഷ്യം. തൊട്ടുമുൻ സാമ്പത്തികവർഷത്തെ ഓരോ ക്ലാസിലെയും തിരക്കും സീറ്റ് ലഭ്യതയും ഉപയോഗരീതിയും കണക്കിലെടുത്ത് അതത് സോണുകളാണ് തൽക്കാൽ ക്വോട്ട നിശ്ചയിക്കേണ്ടത്. അധിക നിരക്ക് ഈടാക്കുന്ന സ്പെഷൽ ട്രെയിനുകളിലും തൽക്കാൽ കച്ചവടത്തിലാണ് റെയിൽവേയുടെ കണ്ണ്.
ഉയർന്ന നിരക്കിന് ആനുപാതികമായ തൽക്കാൽ നിരക്കാണ് സ്പെഷൽ ട്രെയിനുകളിൽ. യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെങ്കിലും റെയിൽവേയുടെ വരുമാനത്തിൽ വൻ വർധനയുണ്ട്. യാത്രക്കാരുടെ എണ്ണം ഏഴ് ശതമാനം മാത്രം കൂടിയപ്പോൾ വരുമാനം കുതിച്ചത് 48 ശതമാനമാണ്.
ക്രിസ്മസും പുതുവർഷവുമായതോടെ ട്രെയിനുകളിലൊന്നും ടിക്കറ്റില്ല. തൽക്കാലിനായി ആശ്രയിച്ചവരെ റെയിൽവേ പറ്റിക്കുകയും ചെയ്തു. തൽക്കാലിനായി ശ്രമിക്കുമ്പോൾ 150ഉം 170ഉം ടിക്കറ്റ് ‘അവയിലബിൾ’ എന്ന് കാണിക്കും. എന്നാൽ, ഓൺലൈൻ ഇടപാട് വഴി പണം നൽകി ടിക്കറ്റ് ലഭിക്കുമ്പോഴാകട്ടെ വെയിറ്റിങ് ലിസ്റ്റ് 22ഉം 25ഉം.
സെക്കൻഡ് ക്ലാസ് -അടിസ്ഥാന നിരക്കിന്റെ 10 ശതമാനം
മറ്റു ക്ലാസുകൾ -30 ശതമാനം
സ്ലീപ്പർ - 100 -200 രൂപ (500 കിലോമീറ്റർ പരിധി)
തേർഡ് എ.സി -125 -225 രൂപ
സെക്കൻഡ് എ.സി -ചുരുങ്ങിയത് 400 രൂപ
തൽക്കാലിൽ നിശ്ചിത ശതമാനം സീറ്റ് കൂടുതൽ നിരക്ക് നൽകേണ്ട പ്രീമിയം തൽക്കാൽ ടിക്കറ്റാണ്. ഇതിൽ ഡൈനാമിക് ടിക്കറ്റ് ഫെയർ സംവിധാനമാണ്. വിമാനയാത്രയുടേത് പോലെ ടിക്കറ്റ് വിൽപനക്കനുസരിച്ച് നിരക്ക് കുതിച്ചുയരും. ഓൺലൈൻ വഴി മാത്രമേ പ്രീമിയം തൽക്കാൽ ബുക്ക് ചെയ്യാനാകൂ. ഇത് റദ്ദാക്കിയാൽ ചെയ്താൽ ഒരു രൂപ പോലും തിരികെ ലഭിക്കില്ല.
വർഷം | വരുമാനം |
2021 | 32.02 കോടി |
2022 | 88.70 കോടി |
2023 | 104.2 കോടി |
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.