തിരുവനന്തപുരം; സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോപത്തിലേക്ക്. കൊവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചു വരുവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും, സംസ്ഥാന സർക്കാർ നിലപാടുകളും, സംസ്ഥാന വ്യാപാരമേഖലക്ക് തിരിച്ചടിയാകുകയാണെന്നും, ഇതിൽ നിന്നും പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം ജീവൻ മരണ പോരാട്ട സമരങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നൽകേണ്ടി വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിന്റെ തുടക്കമായി ഈ മാസം 29 മുതൽ രാജു അപ്സര ക്യാപ്റ്റനായ വ്യാപാര സംരക്ഷണ യാത്ര കാസർ​ഗോഡ് നിന്നും ആരംഭിക്കും. രാവിലെ 10 ന് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. യാത്രയിൽ ഏകോപന സമിതിയുടെ സംസ്ഥാന ഭാരവാഹികളും, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് , വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ ജാഥയിൽ അണി നിരക്കും. 14 ജില്ലകളിലും പര്യടനം നടത്തി ഫെബ്രുവരി 13 ന് തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ ലക്ഷങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ യാത്ര സമാപിക്കും. സമാപന പൊതു സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും.

യാത്രാ വേളയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അഞ്ചു ലക്ഷത്തിലധികം അം​ഗങ്ങളിൽ നിന്നും ഒപ്പിട്ട് ശേഖരിച്ച നിവേദനം , 13 ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

മാലിന്യ സംസ്കരണത്തിന്റെ പേരിൽ കടകളിൽ പൊതു ശൗചാലയങ്ങൾ ഉണ്ടാക്കണമെന്നും പൊതു " വേസ്റ്റ് ബിന്നുകൾ " സ്ഥാപിക്കണമെന്നുൾപ്പടെ അപ്രായോഗികമായ ഉത്തരവുകൾ പിൻവലിക്കണമെന്നും ജി.എസ്.ടി യുടെ പ്രാരംഭ കാലത്ത്‌ സാങ്കേതിക സംവിധാനത്തിന്റെ പിഴവുകൾ മൂലം സംഭവിച്ച ചെറിയ തെറ്റുകൾക് പോലും വ്യാപാരികൾക്ക് ലക്ഷകണക്കിന് രൂപയുടെ പിഴ അടിച്ചേൽപ്പിക്കുന്ന നോട്ടീസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

മറ്റ് ആവശ്യങ്ങൾ

കാലങ്ങളായി കെട്ടികിടക്കുന്ന നികുതി കുടിശിക നോട്ടീസുകൾക്ക് പിഴയും പലിശയും ഒഴിവാക്കി നികുതിയിൽ അൻപതു ശതമാനം മാത്രം ഈടാക്കി മറ്റു സംസ്ഥാനങ്ങൾ നടപ്പാക്കിയ ആംനസ്റ്റി സ്കീം നടപ്പിലാക്കണം. ജി.എസ്.ടി രജിസ്ട്രേഷൻ പരിധി രണ്ടു കോടി ആക്കി ഉയർത്തണം.

എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ പരിധി ഒരു കോടി ആയി ഉയർത്തണം, പഞ്ചായത്ത് / മുനിസിപ്പൽ ലൈസൻസ് ഫീസ് പട്ടികയിൽ സ്ലാബുകളുടെ എണ്ണം വർധിപ്പിച്ച് നിരക്കിൽ മാറ്റം വരുത്തണം.

അമിതമായി വർധിപ്പിച്ച ട്രേഡ് ലൈസൻസ്, ലീഗൽ മെട്രോളജി ഫീസുകൾ ട്രേഡേഴ്‌സ് നിങ്ങൾ പിൻവലിക്കണം. ഡി ആൻഡ് ഓ ലൈസൻസിന്റെ പേരിൽ ചുമത്തുന്ന അന്യായമായ പിഴ നിരക്കുകൾ ഒഴിവാക്കണം.

വർധിപ്പിച്ച പെട്രോൾ ഡീസൽ സെസും, ഇലെക്ട്രിസിറ്റി ചാർജും പിൻവലിക്കണം, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ മാത്രം വേട്ടയാടുന്ന പരിശോധനയും ഫൈനും നിർത്തലാക്കണം, ചെറുകിട വ്യാപാരികൾക് നാല് ശതമാനം നിരക്കിൽ ബാങ്ക് വായ്‌പകൾ ലഭ്യമാക്കണം തുടങ്ങി 23 ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

Tags:    
News Summary - Traders are protesting demanding the withdrawal of the government policy that is putting business sectors in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.