ടി.പി.ആർ 31.26; തൃശൂർ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ, പൊതുപരിപാടികൾ പാടില്ല

തൃശൂര്‍: ജില്ലയില്‍ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി (ടി.പി.ആര്‍) നിരക്ക് 30നു മുകളിലെത്തിയ സാഹചര്യത്തില്‍ എല്ലാ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതു പരിപാടികളും അനുവദിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കലക്ടറുമായ ഹരിത വി. കുമാര്‍ വ്യക്തമാക്കി. ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തണം.

ഇതോടൊപ്പം ജില്ലയിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണം. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ക്ക് അനുവദിക്കാം.

ആളുകള്‍ ഒരുമിച്ചുകൂടുന്നത് തടയുന്നതിനായി എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിങും വില്പനയും പ്രോല്‍സാഹിപ്പിക്കണം. മാളുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രം പ്രവേശനം അനുവദിക്കണം. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയറ്ററുകള്‍ എന്നിവയില്‍ ശേഷിയുടെ 50 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം പാടുള്ളൂ. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. ബസ്സുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.

എല്ലാ മത്സരപരീക്ഷകളും റിക്രൂട്ട്‌മെന്റുകളും യൂനിവേഴ്‌സിറ്റി പരീക്ഷകളും സ്‌പോര്‍ട്‌സ് ട്രയലുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടതാണെന്നും ജില്ല കലക്ടര്‍ ഉത്തരവിട്ടു. ബീച്ചുകള്‍, ഷോപ്പിങ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും അനുവദനീയമല്ല. പൊലീസ് ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകളിലെ ഒമ്പത് വരെയുള്ള ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ സ്ഥാപനം 15 ദിവസത്തേക്ക് അടച്ചിടാൻ സ്ഥാപന മേധാവി നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897-ലെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചും 1875-ലെ പൊതുജനാരോഗ്യ നിയമപ്രകാരവും 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരവും നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - TPR 31.26; more restrictions in Thrissur district and no public events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.