1866 ലെ നോട്ടീസ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി
മഞ്ചേരി: 1866ലെ റൈറ്റ് സ്കൂളുമായി ബന്ധപ്പെട്ട രേഖകൾ നിധിപോലെ സൂക്ഷിക്കുകയാണ് തൃക്കലങ്ങോട് കരിക്കാട് സ്വദേശി മൂത്തേടത്ത് പാലശ്ശേരി മനയിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി. ബ്രിട്ടീഷ് ഗവൺമെന്റിന്റെ നേതൃത്വത്തിലായിരുന്നു സ്കൂളിന്റെ പ്രവർത്തനം. അന്ന് സ്കൂൾ പ്രവർത്തിപ്പിക്കാനായി ജന്മിമാരുടെ കൈയിൽ നിന്ന് നിർബന്ധ പിരിവ് (വരിപ്പണം) നടത്തിയിരുന്നു.
ഇത്തരത്തിൽ 1866 ഒക്ടോബർ ഒന്നിന് അടവ് തെറ്റിച്ചതിന് ജന്മിയായിരുന്ന പാലശ്ശേരി നാരായണൻ നമ്പൂതിരിക്ക് അയച്ച നോട്ടീസാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കൈവശമുള്ളത്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മുത്തച്ഛനാണ് നാരായണൻ നമ്പൂതിരി. മൂന്നാം തലമുറയിൽപ്പെട്ട ആളുടെ കൈവശമാണ് ഇന്ന് ഈ രേഖയുള്ളത്. ഒരു വർഷത്തേക്ക് അഞ്ച് രൂപയായിരുന്നു അന്ന് അടക്കേണ്ടിയിരുന്നത്. ഇത് നൽകിയില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അടക്കമുള്ള മുന്നറിയിപ്പുകളും നോട്ടീസിൽ നൽകിയിരുന്നു.
‘‘ഏറനാട് താലൂക്ക് ഇരുവേറ്റി അംശത്തിൽ ഇരിക്കുന്ന മൂത്തേടത്ത് പാലശ്ശേരി നമ്പൂതിരി 500 ഉറുപ്പികയുടെ ആദായക്കാരനായതിനാൽ 1866 -ാമത് കൊല്ലം ജനുവരി മാസം 1-ാം തിയ്യതി മുതൽ ഡിസംസബർ മാസം 31 -ാം തിയ്യതി വരെയുള്ള ഗഡുവിന് സ്കൂൾ വരി വക താങ്കൾ കൊടുപ്പാനുള്ള അഞ്ച് ഉറുപ്പിക അടക്കേണ്ടതിനായി മഞ്ചേരി ജില്ല റൈറ്റ് സ്കൂൾ കമീഷനർമാർ താങ്കളോട് ആവശ്യപ്പെടുന്നുവെന്നും ഈ നോട്ടീസ് കിട്ടിയ ദിവസം മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ അടപ്പാനുള്ള സംഖ്യ അടക്കാതിരിക്കുകയാകട്ടെ അടക്കാതിരുന്നതിന് മതിയായ കാരണം കമീഷനർമാർക്ക് കാണിക്കാതിരിക്കുകയാകട്ടെ ചെയ്താൽ ആ സംഖ്യചിലവുകളോട് കൂടി വസൂലാക്കുവാനായിട്ട് മുതൽ കണ്ടുകെട്ടുവാനുള്ള ഒരു വാറണ്ട് അയക്കുമെന്നും അറിയിക്കുന്നു’’ എന്നാണ് നോട്ടീസിൽ പറയുന്നത്.
19ാം നൂറ്റാണ്ടിലെ മലബാറിന്റെയും ഏറനാടിന്റെയും നിരവധി ചരിത്രരേഖകൾ ഉണ്ണികൃഷ്ണൻ നമ്പൂതിരി സൂക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.