തൃശൂർ: മൃഗശാലയിൽനിന്ന് കാണാതായ അപൂർവ പക്ഷി ലേഡി ആമെസ്റ്റ് ഫെസന്റിനെ കണ്ടുകിട്ടിയില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് പക്ഷിയെ കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് കൂട് വൃത്തിയാക്കുമ്പോള്‍ പക്ഷി കൂട്ടിലുണ്ടായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശനിയാഴ്ച രാവിലെ ജീവനക്കാർ ഭക്ഷണം നൽകാനെത്തിയപ്പോഴാണ് കിളിയെ കാണാതായത് അറിയുന്നത്. സംഭവത്തിൽ മൃഗശാലയിലെ പക്ഷി കൂടുകളുടെ ശുചീകരണ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനെ സസ്പെൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെയും കൂട് വൃത്തിയാക്കിയിരുന്നു. ഈ സമയത്ത് പക്ഷി പുറത്ത് ചാടിയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂടിന് പരിസരത്തും മൃഗശാലയുടെ പരിസരപ്രദേശങ്ങളിലും പക്ഷിയെ കണ്ടെത്താനായില്ല.
നഗരത്തിൽ കിഴക്കേകോട്ട തോപ്പ് സ്റ്റേഡിയം പരിസരത്ത് കണ്ടുവെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല. ഒരു പൂവനും രണ്ടു പിടയുമാണ് മൃഗശാലയിൽ ഉണ്ടായിരുന്നത്. ഇതിലെ പൂവനെയാണ് കാണാതായത്. തെക്കുകിഴക്കൻ ചൈനയിൽ കാണപ്പെടുന്ന വംശനാശം സംഭവിച്ച അപൂർവ ഇനം പക്ഷിയാണ് ലേഡി ആമെസ്റ്റ് ഫെസന്റ്. കൂടുതൽ ഉയരത്തിലും വേഗത്തിലും പറക്കാൻ കഴിയുന്നതല്ല ഈ വിഭാഗം. അതുകൊണ്ടുതന്നെ നഗരം വിട്ട് ദൂരേക്ക് പോകാൻ സാധ്യതയില്ലെന്നാണ് മൃഗശാല അധികൃതരുടെ വിലയിരുത്തൽ.
തിരുവനന്തപുരത്തുനിന്ന് സൂ അതോറിറ്റി ഡയറക്ടറേറ്റിൽനിന്നുമുള്ള സംഘം വ്യാഴാഴ്ച തൃശൂരിലെത്തി തെളിവെടുപ്പ് നടത്തി. മൃഗശാല സൂപ്രണ്ട്, ജീവനക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിനൊപ്പം സുരക്ഷ വിലയിരുത്തലുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.