മയക്കുമരുന്ന്​ കേസിൽ കുടുങ്ങി യുവാവ്​ ജിദ്ദ ജയിലിൽ; കണ്ണീർ തോരാതെ കുടുംബം

തൃശൂർ: മയക്കുമരുന്ന് കേസിൽ കുടുങ്ങി യുവാവ് ജിദ്ദ ജയിലിലായതോടെ കണ്ണീർ തോരാതെ കുടുംബം. വധശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയതോടെ ദുരിതത്തിലായ കുടുംബം പോംവഴി കാണാതെ വലയുകയാണ്. കുന്നംകുളം കൊച്ചന്നൂർ മുതുവമ്മൽ ചെറുകാട്ടിൽ ഉമർ ഷെരീഫ് (40) ആണ് സുഹൃത്തിന്റെ ചതിയിൽ മയക്കുമരുന്ന് കേസിൽ കുടുങ്ങി ജിദ്ദയിലെ ജയിലിൽ കഴിയുന്നതായി കുടുംബം ആരോപിക്കുന്നത്.

സുഹൃത്തായ കൊച്ചന്നൂർ മുതുവമ്മൽ ആഷിക് തങ്ങളാണ് മൂന്നു മാസത്തേക്ക് ജിദ്ദയിൽ മേസൺ പണിക്ക് സൂപ്പർവൈസറായി കൊണ്ടുപോകാമെന്ന് ഉമർ ഷെരീഫിന് വാഗ്ദാനം നൽകിയത്. ഇയാളുടെ കൂട്ടാളി മലപ്പുറം നന്നംമുക്ക് സ്വദേശി അലിയും ഒപ്പമുണ്ടായിരുന്നു. മൂന്നു മാസത്തേക്ക് മാസം ഒരു ലക്ഷം രൂപ വീതവും തിരികെ പോകും മുമ്പ് സൗജന്യമായി ഉംറ ചെയ്യാനുള്ള അവസരവും വാഗ്ദാനം ചെയ്താണ് ഉമർ ഷെരീഫിനെ സമീപിച്ചത്. ഉമർ ഷെരീഫിനൊപ്പം ആറ് ഇതര സംസ്ഥാനക്കാരും ഉണ്ടായിരുന്നു. കേരളത്തിൽ പണിയെടുക്കുന്നവരായിരുന്നു ഇവർ. കോയമ്പത്തൂരിൽ നിന്ന് ഇവരെ ഹൈദരാബാദിലെത്തിച്ച് അവിടെ നിന്നുള്ള ൈഫ്ലറ്റിലാണ് ജിദ്ദയിലെത്തിച്ചത്.

കോയമ്പത്തൂരിൽ വെച്ച് അലിയും ആഷിക് തങ്ങളും ചേർന്ന് ഇവർക്ക് ഒരു കാർട്ടൺ നൽകിയിരുന്നു. ഇതിൽ ഫലസ്തീനിലെ കുട്ടികൾക്ക് നൽകാനുള്ള മിഠായികളും പലഹാരങ്ങളുമാണെന്നും എയർപോർട്ടിൽ മറ്റൊരാൾ വന്ന് വാങ്ങിക്കൊള്ളുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിൽ മയക്കുമരുന്നായിരുന്നു.

ആഗസ്റ്റ് എട്ടിനാണ് ഇവർ തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോയത്. പത്തിന് ഹൈദരാബാദിലേക്കും അവിടെ നിന്ന് ജിദ്ദയിലേക്കും പോയി. എയർപോർട്ടിൽ ജിദ്ദ പൊലീസിന്‍റെ പിടിയിലായ സംഘത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ഉണ്ടായിരുന്നില്ല. ദിവസങ്ങൾ കഴിഞ്ഞും വിവരമൊന്നും ഇല്ലാഞ്ഞിട്ട് ഉമർ ഷരീഫിന്‍റെ ഭാര്യ ഹാജറ അന്വേഷിച്ചപ്പോൾ ആഷികിന്‍റെ ഭാര്യയാണ് ഗൾഫിൽ ജയിലിലായ കാര്യം പറഞ്ഞത്. പിന്നീട് ജയിലിൽനിന്ന് ഉമർ ഷെരീഫ് നാട്ടിലേക്ക് വിളിക്കുകയും ചെയ്തു. ആഷിക്കിനും അലിക്കുമെതിരെ കുടുംബം കുന്നംകുളം പൊലീസിൽ പരാതി നൽകിയെങ്കിലും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

ക്രിമിനൽ നടപടിക്രമപ്രകാരം ഗുരുതര കുറ്റം ചെയ്തതായി ജിദ്ദയിലെ കോടതി കണ്ടെത്തി ഉമർ ഷെരീഫിനെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുകയായിരുന്നു. ജിദ്ദ വിമാനത്തിലെത്തിയ ഏഴ് പേരുടെയും ലഗേജുകളിൽ നിരോധിത ലഹരി വസ്തുക്കളായ ‘ലിറിക്ക’ (പ്രീഗബാലിൻ) ഗുളികകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോയിസൺ കൺട്രോൾ ആൻഡ് ഫോറൻസിക് മെഡിക്കൽ സെന്‍ററിന്‍റെ കണക്കനുസരിച്ച് പ്രതികളായ ബംഗാൾ സ്വദേശി കമലിന്‍റെ പക്കൽ എട്ട് കിലോ, ഖഫിജുൽ സിഖിന്‍റെ പക്കൽ 13 കിലോ, അബ്രഹാം സിഖിന്‍റെയും ഉമർ ഷെരീഫിന്‍റെയും പക്കൽ 14 കിലോ വീതം, സവാദിൻ സിഖിന്‍റെ കൈയിൽ 11 കിലോ, നാസിമുദ്ദീന്‍റെ കൈയിൽ 10 കിലോ, ജിജുൽ ഗാസിന്‍റെ കൈയിൽ 13 കിലോഗ്രാം എന്നിങ്ങനെയാണ് മയക്കുമരുന്നിന്‍റെ അളവ്. ഇന്ത്യയിലുള്ള ഒരാളിൽനിന്ന് സൗദിയിൽ എത്തിക്കുന്നതിനായി തനിക്ക് ഒരു കാർട്ടൺ ലഭിച്ചെന്നും അതിൽ മയക്കുമരുന്ന് ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നും ഉമർ ഷെരീഫ് കസ്റ്റംസ് അധികൃതർക്ക് മൊഴി നൽകി. ലഹരിവിരുദ്ധ വിഭാഗത്തിന് മുന്നിൽ നൽകിയ മൊഴിയിൽ തനിക്ക് മധുരപലഹാരങ്ങൾ അടങ്ങിയ ഒരു കാർട്ടണാണ് നൽകിയതെന്നും വിമാനത്താവളത്തിൽ വെച്ച് മറ്റൊരാൾ അത് ഏറ്റുവാങ്ങി ഫലസ്തീനിലെ കുട്ടികൾക്ക് സഹായം നൽകുന്ന ജീവകാരുണ്യ സംഘടനകൾക്ക് കൈമാറുമെന്നാണ് അറിയിച്ചിരുന്നതെന്നുമാണ് ഉമർ ഷെരീഫ് പറഞ്ഞത്. എന്നാൽ, ഇത് ജിദ്ദയിലെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അംഗീകരിക്കുന്നില്ല.

ലഹരിയടങ്ങിയ കാർട്ടൺ എത്തിക്കുന്നതിന് പ്രതിഫലമായി ഉംറ നിർവഹിക്കാനുള്ള ചെലവ് തനിക്ക് തിരികെ ലഭിക്കുമായിരുന്നെന്നാണ് ഇവർ കേസിൽ എഴുതിച്ചേർത്തിട്ടുള്ളത്. പ്രതികൾക്ക് ‘തഅ്സീർ’ (വിവേചനാധികാര ശിക്ഷ) എന്ന നിലയിൽ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ജിദ്ദയിലെ കോടതിയിൽ ആവശ്യപ്പെട്ടത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതറിഞ്ഞതോടെ ഉമർ ഷെരീഫിന്‍റെ കുടുംബം ആകെ തകർന്ന നിലയിലാണ്. അലി എന്ന വ്യക്തിയിൽ നിന്നും ആഷിഖ് എന്ന മറ്റൊരാളുടെ ഏകോപനത്തോടെയാണ് തങ്ങൾക്ക് കാർട്ടണുകൾ ലഭിച്ചതെന്നും അവ ജിദ്ദയിൽ എത്തിച്ച് തിരിച്ചറിയാത്ത ഒരാൾക്ക് കൈമാറാനായിരുന്നു നിർദേശമെന്നും കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാനക്കാർ മൊഴി നൽകിയെന്നാണ് ആന്‍റി നാർക്കോട്ടിക് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാൽ, കാർട്ടണുകളിൽ എന്തായിരുന്നുവെന്നോ സാധനങ്ങൾ ഏറ്റുവാങ്ങേണ്ട വ്യക്തി ആരാണെന്നോ അവർക്ക് അറിവുണ്ടായിരുന്നില്ല. ഇവരുടെ റിപ്പോർട്ടിൽ അലി, ആഷിഖ് എന്നിവരുടെ പേരുകൾ പറയുന്നുണ്ട്. കേസ് ജിദ്ദ ഗവർണറേറ്റിലെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Thrissur Man Faces Death Penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.