തൃശൂർ: മുണ്ടത്തിക്കോടിലെ വെടിക്കെട്ട് നിർമാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലക്കാട് പട്ടാമ്പി മുതുതല കൊഴിക്കോട്ടിരി സ്വദേശി കൂളിക്കുന്ന് വീട്ടിൽ പ്രവീൺ (45) ആണ് മരിച്ചത്.
ഉഗ്രസ്ഫോടനത്തിൽ 90 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്കു പിന്നാലെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. നാലുപേരെ കാണാനില്ല. സി.എ. സുരേഷ് (കാഞ്ഞിരക്കോട്), വിഷ്ണു (മനക്കൂടി), അഭിജിത് (കോട്ടപ്പുറം), ഗിരീഷ് (കോട്ടപ്പുറം) എന്നിവരെയാണ് കാണാതായത്.
ആദ്യമായാണ് പ്രവീൺ ഒരു പടക്കനിർമാണ ശാലയിൽ ജോലിക്കെത്തുന്നത്. സുഹൃത്തായ സുരേഷ്, സുരേഷിന്റെ സഹോദരൻ സുജിത് എന്നിവർക്കൊപ്പമാണ് പ്രവീൺ മുണ്ടത്തിക്കോട്ടെ പടക്കശാലയിൽ എത്തിയത്. അപകടത്തിൽ മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയത്. മൃതദേഹങ്ങൾക്ക് പുറമെ 32 ശരീര ഭാഗങ്ങൾ മോർച്ചറിയിൽ ഉണ്ട്. 11പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തൃശൂർ പഴയന്നൂർ വെണ്ണൂർ പാറക്കണ്ടിൽ വീട്ടിൽ അറുമുഖന്റെ മകൻ സുദർശൻ (54), പാലക്കാട് കുമരനെല്ലൂർ കച്ചൂർ മാടിപുറത്ത് വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), തൃശൂർ കുണ്ടന്നൂർ സ്വദേശി മുതുകാട്ടിൽ വീട്ടിൽ സുവിൻ (40), മലപ്പുറം എടപ്പാൾ സ്വദേശി മണികണ്ഠൻ (60), തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50), മലപ്പുറം എടപ്പാൾ സ്വദേശി വിജയൻ (60), തൃശൂർ ഇഞ്ചമുടി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്.
ഇതിൽ തൃശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ വെടിക്കെട്ട് കാണാനെത്തിയ പ്രദേശവാസിയാണ്. സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ജില്ലാ കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തരമായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തതിനു ശേഷം തൃശൂർ കലക്‌ടറേറ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.