തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള പുതിയ സംസ്ഥാന പരിശീലനനയം മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാരുടെ കഴിവ് വർധിപ്പിക്കുന്നതോടൊപ്പം അവരെ ജനക്ഷേമതൽപരരും ഉത്തരവാദിത്ത ബോധമുള്ളവരും അഴിമതിരഹിതരും ജനസൗഹൃദ പെരുമാറ്റമുളളവരുമായി മാറ്റിയെടുക്കുന്നതിനുള്ള പദ്ധതിയാണ് അംഗീകരിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറ് (െഎ.എം.ജി) പരിശീലന പരിപാടി ഏകോപിപ്പിക്കും. ഒരു ഉദ്യോഗസ്ഥന് തെൻറ തൊഴിൽ കാലയളവിൽ മൂന്നു പൊതുപരിശീലനമെങ്കിലും ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഹ്രസ്വമായ പരിശീലനം ഓരോ രണ്ടുവർഷത്തിലും നൽകും. വർഷാരംഭം തന്നെ ഏത് ഓഫിസർ, ഏതു പരിശീലനത്തിൽ പങ്കെടുക്കണമെന്ന് സൂചിപ്പിക്കുന്ന കലണ്ടർ തയാറാക്കുമെന്നും നയത്തിൽ പറയുന്നു.
ഭരണമേഖലയിൽ ലോകത്താകെ ഉണ്ടായ മാറ്റവും വികസനവും ഉൾക്കൊണ്ടാകും പരിശീലനം. പൊതുജന സേവന സംവിധാനമായി സർക്കാർ സർവിസ് മാറണമെന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും നയം പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കിലയെ നോഡൽ ഏജൻസിയായി പരിശീലന നയം ആവിഷ്കരിക്കും. സംസ്ഥാന പരിശീലന നയം നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല കൗൺസിൽ രൂപവത്കരിക്കും.
സംസ്ഥാനത്തെ ഇടത്തരം-ചെറുകിട തുറമുഖങ്ങളുടെ വികസനവും ഭരണനിര്‍വഹണവും ലക്ഷ്യമിട്ട് കേരള മാരിടൈം ബോര്‍ഡ് ബില്‍ ഓര്‍ഡിനന്‍സായി ഇറക്കാൻ മന്ത്രിസഭ യോഗം ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു. 2014ല്‍ നിയമസഭ പാസാക്കിയ മാരിടൈം ബോര്‍ഡ് ബില്‍ നിയമസഭയുടെ അംഗീകാരത്തോടെ പിന്‍വലിച്ചിരുന്നു. ഇതിലെ അപാകതകൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതി മടക്കി. ആ ബില്ലിലെ അപാകതകള്‍ പരിഹരിച്ചാണ് പുതിയ ബില്ലിന് രൂപംനല്കിയത്.
മുഖ്യമന്ത്രി ചെയർമാനായും തുറമുഖ മന്ത്രി വൈസ് ചെയർമാനുമായി 16 അംഗ മാരിടൈം ബോർഡ് രൂപവത്കരിക്കാനാണ് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നത്. തുറമുഖ വികസനം, പരിപാലനം എന്നിവ കേന്ദ്രസർക്കാർ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. അതിനാൽ കേന്ദ്ര നിയമവും ബില്ലും തമ്മിലുള്ള സാദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ആവശ്യപ്പെട്ട് രാഷ്ട്രപതി നേരേത്ത പാസാക്കിയ ബിൽ മടക്കിയത്. കേന്ദ്ര നിയമങ്ങളെയോ ഭരണഘടനയിലെ വ്യവസ്ഥകളെയോ പുതിയ ബില്ലിലെ വ്യവസ്ഥകൾ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതായി നിയമവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
തുറമുഖം കേന്ദ്ര-സംസ്ഥാന അധികാര പരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ, ചെറുകിട തുറമുഖങ്ങളുടെ വികസനം സംസ്ഥാന പരിധിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.