ഇരവിപുരം (കൊല്ലം): മത്സ്യബന്ധനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പരവൂർ കോങ്ങാൽ സ്വദേശികളായ മൂന്ന് മത്സ്യത്തൊഴിലാളികൾ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് തീരദേശ റോഡിനരികിൽ നിരത്തി വച്ചിരിക്കുന്ന ടെട്രാപോഡിൽ ഇടിച്ചു കയറിയാണോ അതോ മറ്റേതെങ്കിലും വാഹനം ഇടിച്ചിട്ടിട്ട് പോയതാണോ എന്ന സംശയം ദുരീകരിക്കാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരവൂർ കോങ്ങാൽ തുണ്ടിൽ വീട്ടിൽ മാഹിൻ (46), എൻ.എസ്. മൻസിലിൽ നിന്നും പൊഴിക്കര വാറുവിളയിൽ വാടകക്ക് താമസിക്കുന്ന സുധീർ (47), കോങ്ങാൽ പുളിക്കൽ എസ്.എൻ. മൻസിലിൽ അമീൻ (37) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ മൂന്നു പേരെയും കൊല്ലം-പരവൂർ തീരദേശ റോഡിൽ താന്നിക്കും മുക്കം ബീച്ചിനും ഇടയിലായി അപകടത്തിൽപ്പെട്ട് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്.
പ്രദേശവാസികളും വഴിയാത്രക്കാരും വിവരം അറിയിച്ചതനുസരിച്ച് ഇരവിപുരം എസ്.എച്ച്.ഒ. അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ആംബുലൻസുകളിൽ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു പേർ ബൈക്കിനടുത്തും ഒരാൾ അൽപ്പം മാറിയുമാണ് കിടന്നിരുന്നത്. ബൈക്കിന്റെ പുറകുവശം കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാലാണ് മറ്റെതെങ്കിലും വാഹനം ഇടിച്ചതാണോയെന്ന് പൊലീസ് പരിശോധിക്കുന്നത്.
പൊലിസിന്റെ സയിന്റിഫിക് വിദഗ്ദർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച അമീന്റെ ഭാര്യ: നസീല, മക്കൾ: മിസ് റിയ, ഫാത്തിമുത്ത് സുഹ്റ, ജീബയാണ് മാഹിന്റെ ഭാര്യ, മക്കൾ: കബീർ, ഇഹ്ഷാൻ, സുധീറിന്റെ ഭാര്യ ഷംസീന, മക്കൾ: സുബ്ഹാന, യാസീൻ സുധീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.