സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തൽ: അഡ്വ. കെ. സി. നസീറിനെ ചോദ്യം ചെയ്യും

കൊച്ചി: ഹാദിയ കേസില്‍ ഹൈകോടതിയില്‍ ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എസ്.ഡി.പി.ഐ നേതാവ് അഡ്വ. കെ. സി. നസീറിനെ ചോദ്യം ചെയ്യും. ഹൈകോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ അഡ്വ. പി. നാരായണനെ ഫേസ്ബുക്ക് വഴി നസീർ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം. 

സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത എറണാകുളം സെന്‍ട്രല്‍ പൊലീസ് പി. നാരായണന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചത്. ഹാദിയ വിഷയത്തില്‍ കെ.സി. നസീര്‍ പ്രകോപനപരമായ പ്രസ്താവനയും ഭീഷണിയും തുടരുകയാണെന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

അഡ്വ. പി. നാരായണനെതിരായ ഫേസ്ബുക്ക് പോസ്റ്റ് നിരവധിയാളുകള്‍ ഷെയര്‍ ചെയ്യുകയും ഇതില്‍ വധഭീഷണി അടക്കമുള്ള അഭിപ്രായങ്ങള്‍ ആളുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഭീഷണി സന്ദേശം രേഖപ്പെടുത്തിയവരുടെ അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് ഫേസ്ബുക്ക് അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്.

മനുഷ്യാവകാശ കമീഷന്‍ ഹാദിയയുടെ മൊഴിയെടുക്കുന്ന കാര്യത്തില്‍ അഡ്വക്കേറ്റ്‌സ് ജനറല്‍ ഓഫീസ് പൊലീസിന് നല്‍കിയ നിയമോപദേശം എസ്‍.ഡി.പി.ഐക്കാരുടെ കൈവശമെത്തിയത് സംബന്ധിച്ചും ഡി.ജി.പിക്ക് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായിരുന്നു അഡ്വ. കെ. സി. നസീർ.

Tags:    
News Summary - Threat Against Govt Pleader: Advocate KC Naseer will Questioned -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.