നികുതി വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയേ ഉണ്ടാവൂ –ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ബജറ്റില്‍ 20 ശതമാനമാണ് ലക്ഷ്യം വെച്ചത്. നോട്ട് അസാധുവാക്കലിനുശേഷം നോട്ട് ഇല്ലാത്തതു കാരണം വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വെറും 18 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ‘കേരളം @ 60’ എന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ബജറ്റ് ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ഉണ്ടാവും. നോട്ട് അസാധുവാക്കല്‍ മൂലമുള്ള ഏറ്റവും മോശമായ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. അതനുസരിച്ച് ചെലവില്‍ മാറ്റം വരുത്തണം. ധനകാര്യ വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ബജറ്റ് പാസാക്കണമെന്നാണ് അഭിപ്രായം. ജി.എസ്.ടി ബില്‍ നിയമസഭയുടെ ഈ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും. ജൂലൈയില്‍ നടപ്പാക്കും. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം ഇല്ല. അതിന്‍െറ സിംഹഭാഗവും പുതുതലമുറ ബാങ്കുകളിലും വാണിജ്യ ബാങ്കുകളിലുമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രാമസഭകള്‍ വിളിച്ചുകൂട്ടാന്‍ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ട നീതിആയോഗിന്‍െറ നടപടി രാജ്യത്തിന്‍െറ ഫെഡറല്‍ തത്ത്വങ്ങള്‍ക്കും വികേന്ദ്രീകരണത്തിനും എതിരാണ്. ഗ്രാമസഭകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ പോലും അത് നേരിട്ട് വിളിച്ചുചേര്‍ക്കാറില്ല. നീതി ആയോഗിന് ഭരണഘടന പദവിയില്ല. അത് ഉപദേശക സമിതി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി തെറ്റ് –ഐസക്
തിരുവനന്തപുരം: പ്രതിഷേധിച്ച് ലീവ് എടുക്കാന്‍ തീരുമാനിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഈ നീക്കത്തോട് മുഖ്യമന്ത്രി കര്‍ശനമായി പ്രതികരിച്ചതില്‍ തെറ്റില്ല. സിവില്‍ സര്‍വിസില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിക്കണം. പ്രശ്നം സങ്കീര്‍ണമാണ്. ചര്‍ച്ചയിലൂടെ അത് പരിഹരിക്കും. വിജിലന്‍സ് വിഭാഗം കിഫ്ബിയില്‍ പരിശോധന നടത്തിയതില്‍ കാര്യമില്ല. വിജിലന്‍സിന്‍െറ നടപടി അതിരുകടന്നതാണോ എന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Thomas Isacc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.