തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയർ വിഷയത്തിൽ സർക്കാർ വകുപ്പുകളെ പരോക്ഷമായി വിമർശിച്ചും വി.എസ് സർക്കാർ കാലത്തെ പുകഴ്ത്തിയും മുൻ മന്ത്രി തോമസ് ഐസക്. മുമ്പ് കെ.എസ്.ഇ.ബിയിലടക്കം മത്സരസ്വഭാവത്തിലാണ് ജീവനക്കാർ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ തയാറാക്കിയിരുന്നത്. ഇന്ന് പല വകുപ്പുകൾക്കും അക്കാര്യത്തിൽ വാശി കുറയുകയാണ്. ഡി.എ.കെ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനാചരണം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ഐസക്.
സ്വതന്ത്ര സോഫ്റ്റ്വെയർ എന്നത് മുന്നോട്ടുകൊണ്ടുപോകേണ്ട സമരമാണെന്ന ബോധം കുറയുകയാണ്. വി.എസ് സർക്കാരിന്റെ കാലത്താണ് സ്വതന്ത്ര സോഫ്റ്റ്വെയർ ഫൗണ്ടേഷൻ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാൻ കേരളത്തിൽ വന്നത്. അതിന്റെ പ്രതിഫലനം സംസ്ഥാന സർക്കാർ രൂപവത്കരിച്ച ഐ.ടി നയത്തിലും പ്രതിഫലിച്ചു. ഒരു സർക്കാർ ആദ്യമായി തങ്ങളുടെ ഐ.ടി നയത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രോത്സാഹനവും പ്രചാരണവും ഉൾപ്പെടുത്തിയത് കേരളത്തിലാണ്. ഐ.ടി യുഗത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ ഇതൊക്കെ മറന്നുപോകുന്നു. അത് തിരക്ക് കൂടിയതുകൊണ്ടാകാം.
ഡാറ്റ എന്നത് ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ സ്ഥിതിവിവരക്കണക്കുകൾ എന്നതായിരുന്നു മുൻകാലത്തെ ധാരണ. പുതിയകാലത്ത് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല, ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഡാറ്റയായി മാറുന്നു.
ഡാറ്റ പ്രത്യക്ഷ ഉൽപാദനോപാധിയാവുകയും ഉൽപാദകർ മറ്റുള്ളരെ നിയന്ത്രിക്കുകയും ലാഭമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് സ്വതന്ത്ര സോഫ്റ്റ്വെയർ എന്ന ആശയം പ്രസക്തമാകുന്നതെന്നും ഐസക് പറഞ്ഞു. ഡി.എ.കെ.എഫ് പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷനായി. ഡോ. ബി. ഇക്ബാൽ എഴുതിയ ‘സ്വതന്ത്ര സോഫ്റ്റ്വെയർ തത്വശാസ്ത്രം: സിദ്ധാന്തവും പ്രയോഗവും’ പുസ്തകം മ്യൂസ് മേരി ജോർജിന് നൽകി തോമസ് ഐസക് പ്രകാശനം ചെയ്തു. ഡോ. എ. സാബു, കെ.എസ്. രജ്ഞിത്ത്, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.