മനോജ് വെള്ളനാട്, പിണറായി വിജയൻ

'ഇതൊക്കെ കൊണ്ടാണ് വാക്സിൻ എല്ലാവരും എടുക്കണമെന്ന് പറയുന്നത്'

വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​ വന്നതിന്‍റെ പശ്ചാത്തലത്തിൽ ഡോ. മനോജ്​ വെള്ളനാട്​ ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പ്​ ചർച്ചയാകുന്നു. രണ്ട്​ ഡോസ് വാക്സിനും എടുത്ത നിരവധി പേർക്ക് രോഗം വന്നതിനെ പറ്റിയുള്ള ആശങ്ക പലർക്കുമുണ്ട്​. എന്നാലും വാക്സിൻ എന്തുകൊണ്ട്​ എടുക്കണമെന്ന്​ അദ്ദേഹം പോസ്റ്റിൽ വ്യക്​തമാക്കുന്നു.

ഫേസ്​ബുക്ക്​​ പോസ്റ്റിന്‍റെ പൂർണരൂപം:

മുഖ്യമന്ത്രി മാസ്ക് ഉപയോഗിച്ചിരുന്നു. ആദ്യ ഡോസ് വാക്സിനും എടുത്തിട്ടുണ്ട്. എന്നിട്ടും കൊവിഡ് വന്നത് ചിലർക്കെങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

1. ഓരോ വാക്സിനെ പറ്റി പറയുമ്പോഴും നമ്മൾ അതിന്‍റെ എഫിക്കസി 75% അല്ലെങ്കിൽ 80% എന്ന് പറയാറുണ്ടല്ലോ. ഇത് രണ്ടു ഡോസ് വാക്സിനും എടുത്ത് രണ്ടാഴ്ച കഴിഞ്ഞ് നമുക്ക് കിട്ടാൻ പോകുന്ന രോഗപ്രതിരോധമാണ്. അപ്പോൾ പോലും സമൂഹത്തിൽ രോഗമുണ്ടെങ്കിൽ, വാക്സിനെടുത്ത ആളിനും രോഗം വരാനുള്ള സാധ്യത 20-25% ബാക്കിയുണ്ട്. എന്നുവച്ചാൽ വാക്സിനെടുത്താലും രോഗം സമൂഹത്തിൽ ചുറ്റിക്കറങ്ങുന്ന കാലത്തോളം മറ്റു പ്രതിരോധ മാർഗങ്ങളും തുടരണം എന്ന്.

2. അദ്ദേഹത്തിന്‍റെ മകൾ നേരത്തേ പോസിറ്റീവായിരുന്നു. അവരിൽ നിന്നായിരിക്കാം അദ്ദേഹത്തിനും പകർന്നത്. വീട്ടിൽ അധികമാരും മാസ്ക് ​െവക്കില്ലല്ലോ, ആർക്കെങ്കിലും രോഗമുണ്ടെന്ന് അറിയും വരെ.

മറ്റൊന്ന്, അദ്ദേഹം സാധാ തുണി മാസ്കാണ് ​െവച്ചു കണ്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്ത് സമ്പർക്കം വരുമ്പോൾ ആ മാസ്കിനും ഏതാണ്ട് 30-40% പ്രതിരോധമേ നൽകാൻ കഴിയൂ. അങ്ങനെയും, മാസ്ക് ​െവച്ചിരുന്നാലും, ചിലപ്പോൾ രോഗം പകർന്ന് കിട്ടാം.

3. അദ്ദേഹം 1 ഡോസ് വാക്സിനേ എടുത്തിരുന്നുള്ളൂ. രണ്ടാം ഡോസെടുത്ത് രണ്ടാഴ്ച കഴിഞ്ഞാലാണ് ഈ പറയുന്ന 70-80% പ്രതിരോധം ലഭിക്കുക. ഇത്രയും പ്രതിരോധം ഇപ്പോൾ അദ്ദേഹത്തിനുണ്ടാവില്ല.

4. രണ്ട്​ ഡോസ് വാക്സിനും എടുത്ത നിരവധി പേർക്ക് ഇതിനകം രോഗം വന്നതിനെ പറ്റിയുള്ള ആശങ്കയും ഇതിനൊപ്പം ചേർക്കാം. പിന്നെന്തിന് വാക്സിൻ എന്നാണ് പലരുടെയും ചോദ്യം. അതിന്‍റെ ഉത്തരം,

a) വാക്സിൻ, നിങ്ങൾക്ക് രോഗം വരാതിരിക്കാൻ 75-80% വരെ പ്രതിരോധം നൽകും (നേരത്തെ പറഞ്ഞത് തന്നെ)
b) വാക്സിനെടുത്തവരിൽ ഇനിയഥവാ രോഗം വന്നാലും ഗുരുതരപ്രശ്നങ്ങളുണ്ടാവുന്നത് 95% വരെ തടയും. ചെറിയ കാര്യമല്ല.
c) വാക്സിനു ശേഷം രോഗം പിടിപെട്ടാലും മരിക്കാനുള്ള സാധ്യത 99-100% വരെ തടയും.

ഇതൊക്കെ കൊണ്ടാണ് വാക്സിൻ എല്ലാവരും എടുക്കണമെന്ന് പറയുന്നത്. അങ്ങനെ സമൂഹത്തിൽ വാക്സിനെടുത്തിട്ടോ അല്ലാതെയോ പ്രതിരോധശേഷിയുള്ളവർ 60-70% ആവുമ്പോൾ രോഗം പതിയെ കെട്ടടങ്ങുമെന്നാണ് കണക്കുകൂട്ടൽ. പക്ഷെ അതിപ്പോഴും 10 ശതമാനത്തിൽ താഴെയാണെന്നതാണ് സത്യം.

ഇന്ത്യയിലും ലോകത്തിന്‍റെ പലഭാഗങ്ങളും ഇപ്പോൾ വീണ്ടും ലോക്ക് ഡൗണിലേക്ക് പോകുന്ന അവസ്ഥയിലാണ്. അതിവിടെ സംഭവിക്കാതിരിക്കണമെങ്കിൽ ഇനിയെങ്കിലും നമ്മളെല്ലാം കുറച്ചൂടി ജാഗ്രത പാലിക്കണം. പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് വേഗം നെഗറ്റീവായി, ആരോഗ്യവാനായി കർമ്മനിരതനാകാൻ കഴിയട്ടെ എന്നും ആശംസിക്കുന്നു.
Tags:    
News Summary - ‘This is why everyone is told to get the vaccine’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.