തിരുവനന്തപുരം നഗരസഭ സമരം; സുപ്രീംകോടതി ഉത്തരവുപ്രകാരം സ്വീകരിച്ച നടപടി അറിയിക്കണമെന്ന് ഹൈകോടതി

കൊച്ചി: തിരുവനന്തപുരം നഗരസഭക്കകത്തും പുറത്തുമായി നടക്കുന്ന പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി ഉത്തരവിനനുസൃതമായി സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈകോടതി. അക്രമാസക്ത സമരം നഗരസഭയുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്നാരോപിച്ച് ഡെപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഇടക്കാല ഉത്തരവ്. നഗരസഭ ഓഫിസിന്‍റെ പ്രധാന കവാട ഉപരോധിച്ചുകൊണ്ടുള്ള സമരം ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായും പൊതുവഴിയടക്കം തടഞ്ഞ് നടക്കുന്ന സമരം തടയണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. അക്രമ സമരത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾക്ക് സമരക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണം.

അക്രമാസക്ത സമരങ്ങൾ പ്രതിരോധിക്കാൻ ജില്ലകൾ തോറും നോഡൽ ഓഫിസർമാരെ നിയമിക്കാൻ നിർദേശം നൽകണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. സമരവും നാശനഷ്ടവുമായി ബന്ധപ്പെട്ട് കേസിലെ കക്ഷികൾ എതിർ പാർട്ടികളെയാണ് കുറ്റപ്പെടുത്തുന്നതെന്ന് കോടതി പറഞ്ഞു.

എല്ലാ ജില്ലകളിലും നോഡൽ ഓഫിസർമാരെ നിയമിക്കണമെന്ന കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സർക്കാറിനോട് നിർദേശിച്ചു. തിരുവനന്തപുരം സംഭവത്തിൽ സുപ്രീംകോടതി ഉത്തരവിലെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളും സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും ജനുവരി 16ന് പരിഗണിക്കാൻ മാറ്റി. നഗരസഭയുടെ പ്രധാന ഓഫിസിൽ കഴിഞ്ഞ ഒക്ടോബറിൽ 6.04 കോടി രൂപയാണ് വരുമാനമായി ലഭിച്ചതെങ്കിൽ സമരത്തെ തുടർന്ന് നവംബറിൽ വരുമാനം 3.80 കോടി രൂപയായി കുറഞ്ഞെന്ന് നഗരസഭ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Tags:    
News Summary - Thiruvananthapuram corporation strike; The High Court should inform the action taken as per the order of the Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.