ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് പടരുന്നു; ഡോക്റ്റർമാർ ഉൾപ്പെടെ 35പേർക്ക്​ രോഗം

തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആശുപത്രിയില്‍ കോവിഡ് പടരുന്നു. കാർഡിയോളോജി, ന്യൂറോളജി ചികിത്സാ രംഗത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിയായ ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഡോക്റ്റർമാർ ഉൾപ്പെടെ 35ഓളം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുകയാണ്.


നാല് ദിവസങ്ങളിലായി കോവിഡ് പോസിറ്റിവായ 35ഓളം പേരിൽ ശ്രീചിത്രയിൽ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ആഫീസർ, കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി വിഭാഗം പ്രൊഫസർ എന്നിവർ ഉൾപ്പെടെ എട്ട് ഡോക്റ്റർമാരും ഉൾപ്പെടുന്നു. ഡോക്ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ളവർക്ക് പുറമെ മെഡിക്കൽ വിദ്യാർഥികളിൽ ചിലർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച ഡോക്റ്റർമാർ, ജീവനക്കാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർക്ക് ശ്രീചിത്രയിൽ മറ്റ് ഡോക്റ്റർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുമായി സമ്പർക്കമുള്ളതിനാൽ വരുംദിവസങ്ങളിൽ കൂടുതൽ ജീവനക്കാരും, ചികിത്സയിലുള്ള ഏതാനും രോഗികൾക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളായാനാവില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോ സർജറി വിഭാഗത്തിലുള്ളവർക്കാണ് കൂടുതലും രോഗബാധ എന്നാണു സൂചന. ഈ സാഹചര്യം കണക്കിലെടുത്ത് നേരത്തെ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കാൻ സാധ്യതയുണ്ട്​.


അടിയന്തിര സർജറികൾ ഒഴികെയുള്ള മിക്ക ശസ്ത്രക്രിയകളും മാറ്റിവയ്ക്കുവാൻ അധികൃതർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കോവിഡ് പോസിറ്റിവായ ഡോക്റ്റർമാരുടെ യൂനിറ്റിലുള്ള രോഗികളുടെ സർജറികളാണ് മാറ്റിവയ്ക്കുക. ഇതോടൊപ്പം മുൻകരുതലെന്ന നിലയിൽ ശ്രീചിത്രയിൽ നിലവിൽ അഡ്മിറ്റായിട്ടുള്ള രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും നടപടികൾ ആരംഭിച്ചു. ശ്രീചിത്രയിൽ ന്യൂറോ വിഭാഗത്തിലെ ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഏറെക്കുറെ സുരക്ഷിതരാണെന്നാണ് വിവരം. അതേസമയം ശ്രീചിത്രയിൽ ഇപ്പോൾ രോഗബാധ കണ്ടെത്തിയവരേക്കാൾ കൂടുതൽ പേർക്ക് നിലവിൽ കോവിഡ് രോഗമുണ്ടെന്നും സൂചനയുണ്ട്.


ദിവസേന 20 രോഗികൾക്കാണ് ശ്രീചിത്രയിൽ അഡ്മിഷൻ നൽകുക. പ്രവേശനം നൽകുന്ന രോഗികളിൽ നേരത്തെ ദിവസേന രണ്ടോ മൂന്നോ രോഗികൾക്ക് മാത്രമാണ് കോവിഡ് രോഗബാധ കണ്ടെത്തിയിരുന്നത്. ഇവരെ മടക്കി അയക്കാരറാണ് പതിവ്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയായി അഡ്മിഷനുവേണ്ടി എത്തുന്ന രോഗികളിലും കോവിഡ് രോഗബാധിതർ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോവിഡ് നെഗട്ടീവായിട്ടുള്ള ഡോക്റ്റർമാർ, നേരത്തെ രോഗം വന്നുപോയവർ തുടങ്ങി സുരക്ഷിതരാണെന്ന് ഉറപ്പുള്ള ഡോക്റ്റർമാരെയും ആരോഗ്യപ്രവർത്തകരെയും മാത്രം ജോലിക്ക് നിയോഗിച്ച് ശ്രീചിത്രയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികളാണ് അധികൃതർ ആലോചിക്കുന്നത്.

Tags:    
News Summary - Thiruvananthapuram: 35 staff members test Covid positive at Sree Chitra Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.