സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറ് സംഘടിപ്പിച്ച ' സെമിനാർ മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു

തെരഞ്ഞെടുപ്പ് നടത്തിപ്പിലും ജോലിയിലും സമഗ്രമായ പരിഷ്കരണം വേണം- എസ്.എം. വിജയാനന്ദ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് സംവിധാനമാണ് നമ്മുടെ രാജ്യത്തേതെങ്കിലും നടത്തിപ്പിലും നടപടിക്രങ്ങളിലും പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സമഗ്രമായ മാറ്റം കൊണ്ടുവരണമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. സ്റ്റേറ്റ് എംപ്ലോയീസ് മൂവ്മെൻറ് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇലക്ഷൻ നടത്തിപ്പുമായി ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം ഉണ്ടാകണം. ഇലക്ഷനുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ ഇലക്ഷൻ ഇല്ലാത്ത സമയങ്ങളിലും നടത്താനുള്ള സ്ഥിരം സംവിധാനങ്ങൾ ഉണ്ടാകണം. ഇലക്ഷൻ രംഗത്ത് ക്രിയാത്മക പരിഷ്കരണ ചർച്ചയുമായി എംപ്ലോയീസ് മൂവ്മെൻറ് മുന്നോട്ടു വന്നത് അഭിനന്ദനാർഹമാണ്. വ്യാപകമായ ചർച്ചക്ക് ശേഷം നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ഷൻ പ്രക്രിയ കുറെക്കൂടി സുതാര്യമാകണമെന്നും സ്ഥാനാർഥികളെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഹാർബർ, ഫിഷറീസ് ആൻഡ് മൈനോറിറ്റി സ്പെഷ്യൽ ഗവൺമെൻറ് സെക്രട്ടറി ബി. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

വർധിച്ചുവരുന്ന ഇലക്ഷൻ ചിലവുകൾ പിന്നീടുള്ള അഴിമതിക്ക് കാരണമാകുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ചെലവേറിയ പ്രചാരണങ്ങൾക്ക് പകരം സ്ഥാനാർത്ഥികൾ തമ്മിലുള്ള ഡിബേറ്റ് പോലുള്ള ബദൽ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് വിഷയം അവതരിപ്പിച്ച അസറ്റ് മുൻ ചെയർമാൻ കെ. ബിലാൽ ബാബു പറഞ്ഞു. അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ്) ജനറൽ കൺവീനർ വൈ. ഇർഷാദ് അധ്യക്ഷത വഹിച്ചു.

എംപ്ലോയീസ് യൂനിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി റാഫി പോത്തൻകോട്, ഹയർ എഡ്യൂക്കേഷൻ ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.കെ. സതീഷ് കുമാർ, ടീച്ചേഴ്സ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എ. എ. കബീർ, അസെറ്റ് ചെയർമാൻ എസ്. ഖമറുദ്ദീൻ, എംപ്ലോയീസ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. കെ. ബഷീർ എന്നിവർ സംസാരിച്ചു. 



Tags:    
News Summary - There is a need for comprehensive reforms in election management and work - SM. Vijayanand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.