വീണ്ടും തുറക്കുന്നതിെൻറ ഭാഗമായി തിരുവനന്തപുരം
പത്മനാഭ സിനിമ തിയറ്ററിലെ സീറ്റുകൾ വൃത്തിയാക്കുന്നു
തിരുവനന്തപുരം: തിയറ്ററുകൾ തുറക്കുമ്പോൾ ഓരോ ടിക്കറ്റിനും അഞ്ച് രൂപ നിരക്കിൽ കോവിഡ് സർവിസ് ചാർജ് ഈടാക്കാൻ അനുമതി നൽകണമെന്ന് തിയറ്റർ ഉടമകൾ. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് പുതിയ ആവശ്യം. ഓരോ ഷോക്ക് ശേഷവും തിയറ്റുകൾ സാനിറ്റൈസ് ചെയ്യുന്നതിനും വാക്സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നതിനും അധിക ജീവനക്കാരെ ഉപയോഗിക്കേണ്ടിവരും. ഇത് സാമ്പത്തിക ബാധ്യതയാണെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് തിയറ്ററിൽ അനുമതിയുള്ളത്. എന്നാൽ തിയറ്ററിൽ എത്തുന്നവരിൽ നല്ലൊരു ശതമാനം പേരും 60 വയസ്സിന് താഴെയുള്ളവരാണ്. സംസ്ഥാന സർക്കാറിെൻറ കണക്കനുസരിച്ച് 60 വയസ്സിൽ താഴെയുള്ളവരിൽ 30 ശതമാനം പേർ മാത്രമാണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചവർക്കും പ്രവേശനം അനുവദിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ നികുതി ഇളവ് , കെ.എസ്.ഇ.ബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് തുടങ്ങിയ ആവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ സീറ്റുകളിലേക്കും പ്രവേശനാനുമതി നൽകണമെന്നും അല്ലാത്തപക്ഷം ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യാൻ കഴിയില്ലെന്നും തിയറ്റർ ഉടമകൾ സൂചിപ്പിച്ചു. ഈ ആവശ്യം ഘട്ടംഘട്ടമായി നടപ്പാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. മന്ത്രിയുമായുള്ള ചർച്ച തൃപ്തികരമാണെന്ന് തിയറ്റർ ഉടമകളുടെ സംഘടന ഫിയോക്കിെൻറ പ്രസിഡൻറ് വിജയകുമാർ പറഞ്ഞു.
ഈ മാസം 25നാണ് തിയറ്ററുകൾ തുറക്കുന്നത്. ജെയിംസ് ബോണ്ട് ചിത്രമായ നൊ ടൈം ടു ഡൈ, വെനം 2 എന്നീ ഹോളിവുഡ് ചിത്രങ്ങൾക്കൊപ്പം ശിവകാർത്തികേയൻ നായകനാകുന്ന തമിഴ് ചിത്രം ഡോക്ടറുമാണ് ആദ്യദിനം റിലീസിനെത്തുന്നത്. മലയാളത്തിലെ ആദ്യ പ്രധാന റിലീസ് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പാണ്. നവംബർ 12നാകും റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.