നടിയെ ഉപദ്രവിച്ച യുവാക്കൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് ഉപദ്രവിച്ച യുവാക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നു. രണ്ടുപേരും ഹൈകോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചു. പെരിന്തൽമണ്ണ മങ്കട സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. അപേക്ഷ നാളെ പരിഗണിക്കും.

എന്നാൽ പ്രതികൾ ഇന്നുതന്നെ പൊലീസിന് കീഴടങ്ങുമെന്ന് പ്രതികളുടെ അഭിഭാഷകൻ ബെന്നിതോമസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനായി കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണയിലേക്ക് തിരിച്ചിട്ടുണ്ട്.

അതേ സമയം, തങ്ങൾ നടിയെ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് യുവാക്കളുടെ വാദം. ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയതെന്നും തിരിച്ചു പോകാനുള്ള തീവണ്ടി എത്താൻ ഒരുപാട് സമയമുള്ളതിനാലാണ് കൊച്ചി ലുലു മാളിലെത്തിയതെന്നും യുവാക്കൾ പറഞ്ഞു. ഇവിടെ വച്ച് നടിയെ കണ്ടു, അടുത്തു പോയി സംസാരിച്ചു. എന്നാൽ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവാക്കൾ പറയുന്നു. സംഭവത്തില്‍ നടിയോട് മാപ്പ് പറയാന്‍ തയാറാണെന്നും പ്രതികള്‍ പറഞ്ഞു.

സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞത്. തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തു. ഈ അഭിഭാഷകന്‍റെ നിര്‍ദേശം അനുസരിച്ചാണ്ഒളിവിൽ പോയതെന്നും ഇവർ പറഞ്ഞു. എന്നാൽ യുവാക്കളുടെ വാദം പൊലീസ് ഗൗരവത്തിൽ എടുത്തിട്ടില്ല.

കൊച്ചിയിലെ ഷോപ്പിങ് മാളിൽ വെച്ച് തനിക്ക് നേരെയുണ്ടായ അതിക്രമം സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തുറന്നുപറഞ്ഞത്. കുടുംബത്തിനൊപ്പം കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ എത്തിയപ്പോഴാണ് നടിക്ക് ഈ മോശം അനുഭവമുണ്ടായത്. ഹൈപ്പർമാർക്കറ്റിൽ നിൽക്കുകയായിരുന്നു തന്‍റെ സമീപത്തിലൂടെ പോയ രണ്ട് ചെറുപ്പക്കാരിൽ ഒരാൾ ശരീരത്തിന്‍റെ പിൻഭാഗത്തായി മനഃപൂര്‍വം സ്പർശിച്ചു കൊണ്ടാണ് കടന്നുപോയതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സംഭവം വിവാദമായതോടെ ഐ.ജി വിജയ് സാഖറെയുടെ നിര്‍ദേശപ്രകാരം കളമശ്ശേരി പൊലീസ് കെസെടുത്തു. യുവാക്കളുടെ വിവരങ്ങളും ഫോട്ടോയും പുറത്തുവന്നതോടെ പൊലീസിന് മുൻപിൽ കീഴടങ്ങാൻ തയ്യാറാണെന്നാണ് യുവാക്കളുടെ നിലപാട്.     

Tags:    
News Summary - The youths who harassed the actress have filed an anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.