ആൺവേഷത്തിലെത്തി ഭർതൃമാതാവിന്റെ കാൽ തല്ലിയൊടിച്ച യുവതി പിടിയിൽ

ബാലരാമപുരം: ആൺവേഷത്തിൽ മുഖം മറച്ചെത്തി വയോധികയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മരുമകൾ പിടിയിൽ. ബാലരാമപുരം ആറാലുംമൂട് തലയൽ പുന്നക്കണ്ടത്തിൽ വാസന്തിയെയാണ്​ (63) ആക്രമിച്ചത്​. മകന്റെ ഭാര്യ സുകന്യയാണ്​ (27) പിടിയിലായത്​.

ചെവ്വാഴ്ച രാവിലെ ആറോടെ വീട്ടിൽനിന്ന്​ സമീപത്തെ സൊസൈറ്റിയിൽ പാൽ നൽകാൻ പോകുമ്പോൾ മുഖംമറച്ചെത്തിയയാൾ വാസന്തിയുടെ കാൽ കമ്പിപ്പാര ഉപയോഗിച്ച് അടിച്ചൊടിക്കുകയായിരുന്നു. ഒന്നിലെറെ തവണ അടിച്ചതോടെ കാൽ ഒടിഞ്ഞ് തൂങ്ങി. വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും ആക്രമി രക്ഷപ്പെട്ടു. വാസന്തിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബാലരാമപുരം പൊലീസിനെ കുഴക്കിയ സംഭവത്തിൽ സ്റ്റേഷൻ ഹൗസ്​ ഓഫിസർ ടി. വിജയകുമാർ നടത്തിയ ശാസ്​ത്രീയ അന്വേഷണത്തിലാണ്​ പ്രതിയിലേക്ക്​ എത്തിയത്. പ്രദേശത്തെ നാൽപതിലേറെ സി.സി ടി.വി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയിലേക്ക്​ എത്താനായില്ല. പൊലീസ്​ വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലേറെപേരെ ചോദ്യംചെയ്തു. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച്​ അന്വേഷണം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. തുടർന്നാണ്​ മരുമകളിലേക്ക് അന്വേഷണം എത്തിയത്. അതിനെക്കുറിച്ച് പൊലീസ്​ പറയുന്നത്​:

ഭർത്താവ് ഉപദ്രവിക്കാനുള്ള കാരണം വാസന്തിയാണെന്ന തോന്നലിലാണ് സുകന്യ ആക്രമണം നടത്താൻ തീരുമാനിച്ചത്. വാസന്തിയെ പരിക്കേൽപ്പിച്ച് കിടത്തണമെന്ന ലക്ഷ്യത്തോടെ ചൊവ്വാഴ്ച രാവിലെ ഭർത്താവ് രതീഷിന്‍റെ ഷർട്ടും ജീൻസ്​ പാന്‍റ്​സും ധരിച്ച്​ മുഖം ഷാൾകൊണ്ട് മറച്ച് കമ്പിപ്പാരയുമായി വാസന്തി പാൽ സെസൈറ്റിയിലേക്ക്​ പോകുന്ന വഴിയിൽ കാത്തുനിന്നാണ് ആക്രമിച്ചത്​. പൊലീസ്​ ആക്രമണം നടന്ന സ്ഥലത്തിനടുത്തുള്ള പൊട്ടക്കിണറ്റിൽനിന്ന്​ കമ്പിപ്പാര കണ്ടെടുത്തു. തുടർന്നാണ്​ അന്വേഷണം സുകന്യയിലേക്ക്​ എത്തിയത്​. നീണ്ട മുടിയുള്ള മെലിഞ്ഞയാളാണ് ആക്രമിച്ചതെന്ന​ ദൃക്സാക്ഷി മൊഴിയും തുണയായി. ശാസ്​ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്തതോടെ സുകന്യ കുറ്റം സമ്മതിച്ചു. സുകന്യയുടെ വീട്ടിൽനിന്ന്​ ആക്രമണ സമയത്ത് ഉപയോഗിച്ച വസ്​ത്രങ്ങൾ കണ്ടെടുത്തു. നെയ്യാറ്റിൻകര എ.എസ്.പി ഫ​റോസിന്‍റെ നിർദേശപ്രകാരം ബാലരാമപുരം സ്റ്റേഷൻ ഹൗസ്​ ഓഫിസർ ടി. വിജയകുമാർ, എസ്​.ഐ അജിത്കുമാർ, ഗ്രേഡ് എസ്​.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ വിനീഷ്, പത്മകുമാർ, ശ്രീകാന്ത്, സുമിത എന്നിവരാണ്​ പ്രതിയെ അറസ്റ്റ് ചെയ്തത്​.

Tags:    
News Summary - The young woman who dressed as a man and beat her mother-in-law's leg was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.