നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ സ്ത്രീത്വത്തെ അപമാനിച്ചതായ പരാതിയില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. പ്രഥമദൃഷ്ട്യാ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നതെന്ന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് ബോധ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിലൊരിടത്തും തന്നെ ഈ രീതിയില്‍ പ്രാകൃതമായൊരു പരിശോധന മത്സരപ്പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു. കേരളത്തിലെ പ്രശ്‌നത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ പരീക്ഷാ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു.

ഏറെയും കൗമാരക്കാരായ കൂട്ടികള്‍ എഴുതുന്ന പരീക്ഷയ്ക്ക് വസ്ത്രമഴിച്ച് പരിശോധന പോലുള്ള അപരിഷ്‌കൃത രീതികള്‍ പരീക്ഷയെഴുതാനെത്തിയ കുട്ടികളെ സ്വാഭാവികമായും മാനസികമായി തകര്‍ക്കുകയും പരീക്ഷയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാകാത്ത സ്ഥിതി സംജാതമാകുകയും ചെയ്യും.

കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്തും അപലപനീയമായ രീതിയില്‍ എല്ലാവരുടെയും അടിവസ്ത്രം ഒന്നിച്ച് ഒരു മുറിയില്‍ കൂട്ടിയിട്ടു എന്ന ആരോപണം പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സുരക്ഷാ പരിശോധനയ്ക്ക് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോള്‍ തീര്‍ത്തും അവഹേളനകരമായി രീതിയില്‍ പരീക്ഷ നടത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും കമ്മീഷൻ അറിയിച്ചു..

News Summary - The Women's Commission filed a case on the complaint of insulting women during the conduct of the NEET exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.