ജീവനെടുത്ത് ഏലത്തോട്ടത്തിലെ മരങ്ങൾ; പത്ത് വർഷത്തിനിടെ മരിച്ചത് 60ലധികം പേർ

കട്ടപ്പന: ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ മരം വീണ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 60ലധികം പേരാണ് മരം വീണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെ മരം കടപുഴകിയും കാറ്റിൽ ശിഖരം ഒടിഞ്ഞുവീണും മരം മുറിക്കുന്നതിനിടെ എതിർദിശയിലേക്ക് വീണുമാണ് മരണങ്ങൾ കൂടുതലും. കനത്ത മഴയും കാറ്റും തുടരുന്നതിനിടെ ഹൈറേഞ്ചിൽ വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേരാണ് ചൊവ്വാഴ്ച മാത്രം മരം വീണ് മരിച്ചത്.

നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരം വെട്ടുന്നതിനിടെ ശാരീക അസ്വസ്ഥത ഉണ്ടായി മരത്തിൽനിന്ന് വീണ് മരിച്ച സംഭവങ്ങളുമുണ്ട്. ശാസ്താംനട ലയത്തിൽ താമസിക്കുന്ന പാളയം വായ്ക്കാപ്പെട്ടി സ്വദേശികളായ പാൽസ്വാമി-തവമണി ദമ്പതികളുടെ മകൻ മണികണ്ഠൻ (22) കഴിഞ്ഞ വർഷം ഏലത്തോട്ടത്തിലെ പണിക്കിടെ ഇത്തരത്തിൽ മരത്തിൽനിന്ന് വീണു മരിക്കുകയായിരുന്നു.

വീടിന് മുകളിൽ മരം വീണ് ഇടുക്കി വന്യജീവി സങ്കേതത്തിലെ കണ്ണംപടി മേമാരി ആദിവാസി കുടിയിലെ ഈട്ടിക്കൽ മനോഹരന്റെ മകൾ ഗീതു (നാലുമാസം) മരിച്ചത് രണ്ട് വർഷം മുമ്പാണ്. അന്യാർതൊളു നിരപ്പേൽ കടയിൽ മരം വീണ് ഏലത്തോട്ടം തൊഴിലാളിയായ പാലംപറമ്പിൽ ബിജുവിന്റെ ഭാര്യ ലത മരിച്ചതും രണ്ടുവർഷം മുമ്പ് മഴക്കാലത്താണ്. ശാസ്താംനട എ.കെ.ജി നഗർ കോളനിയിൽ പളനി സ്വാമിയുടെ ഭാര്യ സരസ്വതി (53) മരിച്ചത് ഏലത്തോട്ടത്തിലെ പണിക്കിടെ മരത്തിന്റെ ശിഖരം തലയിൽ വീണാണ്‌. വർഷം ശരാശരി നാലു മുതൽ ഏഴുപേർ വരെ മരം വീണ് മരിക്കുന്നുണ്ടെന്നാണ് കണക്ക്.

മരം വീണുള്ള അപകടം: നടപടിയുമായി വനംവകുപ്പ്

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മരങ്ങള്‍ വീണുള്ള അപകടങ്ങളും പാത തടസ്സപ്പെടലും ഒഴിവാക്കാന്‍ നടപടിയുമായി വനംവകുപ്പ്. ചൊവ്വാഴ്ച വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ സിജി മുഹമ്മദിന്റെ നേതൃത്വത്തിൽ ചീയപ്പാറ മേഖലയില്‍ അപകടാവസ്ഥയില്‍ നിന്ന അഞ്ച് മരം വെട്ടിമാറ്റി. ഒരാഴ്ചക്കിടെ നാലിടങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വിനോദസഞ്ചാരികളടക്കം അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ദേശീയപാതയോരത്തെ വൻ മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതിനെക്കുറിച്ച് 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് അധികൃതരുടെ ഇടപെടൽ.

നേര്യമംഗലം മുതല്‍ വാളറ വരെ റോഡിലേക്ക് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഈറ്റ വെട്ടിമാറ്റുമെന്നും വനപാലകർ അറിയിച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ വന്ന യുവാക്കള്‍ അപകടാവസ്ഥയില്‍ റോഡിലേക്ക് ചാഞ്ഞ് നിന്ന ഈറ്റ ഒഴിവാക്കി കടന്ന് പോകാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസില്‍ ഇടിച്ചിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുക്കുകയും ഒരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ലോറി കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചതാണ് മറ്റൊരു സംഭവം. റോഡിന്റെ വീതികുറവും ഈറ്റ റോഡിലേക്ക് വളര്‍ന്ന് പന്തലിച്ചതുമടക്കം വിഷയങ്ങളിൽ വനപാലകര്‍ക്കും ദേശീയപാത അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കാലവര്‍ഷം ശക്തമായതോടെ വനമേഖലയില്‍ മരങ്ങള്‍ മറിഞ്ഞുള്ള അപകടങ്ങള്‍ പതിവാണ്.

ഇതോടെയാണ് അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പ് മുന്നോട്ട് വന്നത്. ഫില്ലിങ് സൈഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡില്‍കൂടി യാത്ര ചെയ്യുന്നതും പ്രശ്‌നമാണ്. ഒരുമാസം മുമ്പ് ചരക്ക് വാഹനങ്ങള്‍ ഈ പാതയിലൂടെ നിരോധിച്ചിരുന്നു. സിംഗിള്‍ ലൈന്‍ ട്രാഫിക്കും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിരോധനം അവഗണിച്ച് രാത്രിയും പകലും നിരവധി ചരക്ക് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. മഴ ശക്തമായതോടെ ഇവിടെ റോഡ് കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്. ഏത് സമയത്തും അപകടസാധ്യത ഉണ്ട്. ദേശീയപാതയില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂടുതല്‍ മരങ്ങള്‍ വരുംദിവസങ്ങളില്‍ വെട്ടിമാറ്റുമെന്ന് വനപാലകര്‍ പറഞ്ഞു.

ലയങ്ങളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം

തൊടുപുഴ: ജില്ലയിൽ തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കലക്ടറുടെ ഉത്തരവ്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിന് തഹസിൽദാർമാരുടെ നേതൃത്വത്തിൽ അസി.ലേബർ ഓഫിസർ, ഇൻസ്പെക്ടർ ഓഫ് പ്ലന്‍റേഷൻ എന്നിവരടങ്ങുന്ന സമിതി പരിശോധിച്ച് നടപടികൾ സ്വീകരിക്കണം. വീഴ്ചവരുത്തുന്ന മാനേജ്മെന്‍റുകൾക്കെതിരെ നടപടി സ്വീകരിക്കും.

മരങ്ങൾ കടപുഴകി അപകടങ്ങൾ ഉണ്ടായതിനാൽ എസ്റ്റേറ്റ് ലയങ്ങളിൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. അപകടകരമായ മേഖലകളിലും തോട്, പുഴ, നദി എന്നിവയോട് ചേർന്നുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും യാത്രയും താമസവും പരമാവധി നിരുത്സാഹപ്പെടുത്തണം.

അപകട സാധ്യത മേഖലകളിൽ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തണം. വനം, പൊലീസ്, ടൂറിസം വകുപ്പുകൾ ഇതിന് നടപടി സ്വീകരിക്കണം. തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് പണികൾ അടിയന്തരമായി നിർത്തിവെക്കുന്നതിന് നിർദേശമുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് നീക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുന്നതിനും ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.

മരം വീണ് നാല് തോട്ടം തൊഴിലാളികൾക്ക് പരിക്ക്

തൊടുപുഴ: പേത്തോട്ടി, ശാന്തൻപാറ, സേനാപതി മേഖലകളിൽ മരം വീണ് നാല് തോട്ടം തൊഴിലാളികൾക്ക് പരിക്ക്. ചൊവ്വാഴ്ച ജില്ലയിൽ മരം വീണ് മൂന്നുപേർ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിക്കേറ്റ അപകടങ്ങൾ. കാലവർഷത്തിന് മുമ്പ് റോഡരികിലും തോട്ടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന ജില്ല ഭരണകൂടത്തിന്റെ തീരുമാനം അവഗണിച്ചതിനെ തുടർന്നാണ് മരം വീണ് മൂന്ന് ജീവൻ നഷ്ടപ്പെട്ടതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മഴക്ക് മുമ്പായി മുറിച്ചുമാറ്റണമെന്ന് കലക്ടർ കർശന നിർദേശം നൽകിയിരുന്നു.

ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, റവന്യൂ, വനം-വന്യജീവി, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മഴക്കാലത്തിന് മുന്നോടിയായി ചേർന്നിരുന്നു. റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും പരിഹരിക്കണമെന്നതാണ് വ്യവസ്ഥ.

സ്വകാര്യ വ്യക്തികൾ മുറിച്ചുനീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയാറാകണം. ഇതിന് ആവശ്യമായി വരുന്ന പണം സ്ഥലമുടമയിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, കാലവർഷം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിട്ടും കലക്ടറുടെ നിർദേശങ്ങളും ഉത്തരവുകളും നടപ്പാക്കാത്തതാണ് മരം വീണുള്ള അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് വിമർശനം.

Tags:    
News Summary - The trees of the cardamom grove took life; More than 60 people died in ten years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.