ലുലു ഗ്രൂപ്പ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് ആമിനക്കും സെയ്ദ് മുഹമ്മദിനും കൂടെ

ജപ്തി ഭീഷണി നീങ്ങി, മനം നിറഞ്ഞ് ആമിന ഉമ്മ; എം.എ. യൂസഫലിക്ക് നന്ദി പറഞ്ഞ് കുടുംബം

കൊച്ചി: ആമിന ഉമ്മക്കും കുടുംബത്തിനും ഇനി കാഞ്ഞിരമറ്റത്തെ സ്വന്തം വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം. വായ്പ അടവോ ജപ്തി ഭീഷണിയോ ഓർത്ത് അവരുടെ കണ്ണുകളിനി നിറയില്ല. എല്ലാത്തിനും എം.എ. യൂസഫലിയോട് നന്ദി പറയുകയാണ് ആമിന ഉമ്മയും കുടുംബവും.

Full View

തൊഴിലുറപ്പ് ജോലിക്കിടയിൽ ആരോ കാണാൻ വന്നിരിക്കുന്നതറിഞ്ഞ് വീടിന് സമീപത്തേക്ക് ആമിന ഉമ്മയും ഭർത്താവ് സെയ്ദ് മുഹമ്മദും ഓടിയെത്തി. ചെളി പുരണ്ട വസ്ത്രം പോലും മാറാതെ, എത്തിയവരോട് കാര്യമെന്തെന്ന് ആമിന തിരക്കി. ലുലു ഗ്രൂപ്പിലെ ജീവനക്കാരെന്ന് അറിയിച്ചപ്പോഴും ഒന്നും മനസ്സിലാകാതെ ആമിന നിന്നു.

യൂസഫലി ഉറപ്പ് നൽകിയതനുസരിച്ച് കീച്ചേരി സർവിസ് സഹകരണ ബാങ്കിൽ വായ്പയും കുടിശ്ശികയുമായി അടയ്ക്കാനുണ്ടായിരുന്ന 3,81,160 രൂപ അടച്ച് തീർത്തതായി ജീവനക്കാർ ആമിനയോട് പറഞ്ഞു. വായ്പ അടവും പലിശയും ബാങ്കിൽ കെട്ടിവെച്ചതിന്‍റെ രസീതും ലുലു ഗ്രൂപ്പ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് ആമിനയുടെ കൈകളിൽ ഏൽപ്പിച്ചു.

ഒരു നിമിഷം ആശ്ചര്യപ്പെട്ട് നിന്ന ആമിനയുടെ കണ്ണുകൾ നിറഞ്ഞു. സങ്കടം വൈകാതെ പുഞ്ചിരിക്ക് വഴിമാറി. ജപ്തി ഭീഷണി നീങ്ങിയത് സത്യമെന്ന് ബോധ്യപ്പെട്ടതോടെ വാക്ക് പാലിച്ച യൂസഫലിക്ക് ഹൃദയത്തിന്‍റെ ഭാഷയിൽ ആമിന നന്ദി പറഞ്ഞു.

 എം.എ. യൂസഫലിയുടെ നിർദ്ദേശപ്രകാരം ബാങ്കിൽ പണമടച്ചതിൻ്റെ രസീത് ലുലു ഗ്രൂപ്പ് മീഡിയ കോഓഡിനേറ്റർ എൻ.ബി. സ്വരാജ് സെയ്ദ് മുഹമ്മദിന് നൽകുന്നു

പുരയിടം ജപ്തി ഭീഷണിയിലായ സങ്കടം കഴിഞ്ഞദിവസം യൂസഫലിയോട് നേരിട്ട് പറയുമ്പോൾ എല്ലാ വിഷമങ്ങൾക്കും ഇത്രവേഗം പരിഹാരമാകുമെന്ന് ആമിന ഒരിക്കലും കരുതിയിരുന്നില്ല. കാൻസർ രോഗബാധിതനായ ആമിനയുടെ ഭർത്താവ് സെയ്ദ് മുഹമ്മദിനുള്ള ചികിത്സ ആവശ്യങ്ങൾക്കടക്കം 50,000 രൂപയും യൂസഫലിയുടെ നിർദേശപ്രകാരം കൈമാറി. ബാങ്കിൽ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാർ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്‍റെയും മുഖങ്ങളിൽ.

ആമിനയുടെ കുടുംബം കാഞ്ഞിരമറ്റം കീച്ചേരി സർവിസ് സഹകരണ ബാങ്കിൽ നിന്നാണ് വീടിരിക്കുന്ന സ്ഥലം പണയം വെച്ച് വായ്പ എടുത്തിരുന്നത്. മകളുടെ വിവാഹ ആവശ്യത്തിനായിരുന്നു വായ്പ. സെയ്ദ് മുഹമ്മദിന്‍റെ ചികിത്സക്കും മറ്റുമായി ചെലവുകൾ വരികയും അടവ് മുടങ്ങുകയും ചെയ്തതോടെ സ്ഥലം ജപ്തി ഭീഷണിയിലായി.

വായ്പ തുകയായ 2,14,242 രൂപയും പലിശയും പിഴ പലിശയുമടക്കം 3,81,160 രൂപയാണ് ആമിന ഉമ്മക്ക് വേണ്ടി യൂസഫലി ബാങ്കിൽ കെട്ടിവെച്ചത്. വായ്പക്ക്​ വേണ്ടി ബാങ്കിന്‍റെ പേരിലാക്കിയ ഭൂമിയുടെ രേഖകൾ ചൊവ്വാഴ്ച തന്നെ ആമിനയുടെ പേരിലാക്കി ബാങ്ക് തിരികെ നൽകും.

ഹെലികോപ്ടർ അപകട സമയത്ത് ജീവൻ രക്ഷിച്ച രാജേഷിന്‍റെ കുടുംബത്തിന് നന്ദി പറയാൻ കഴിഞ്ഞദിവസം പനങ്ങാട് എത്തിയപ്പോഴാണ് തന്‍റെ സങ്കടം അറിയിക്കാൻ ആമിന ഉമ്മ യൂസഫലിക്ക് മുന്നിലെത്തിയത്. ആമിനയുടെ വിഷമം ചോദിച്ച് മനസ്സിലാക്കിയ ഉടൻ ബാങ്കിൽ പണം കെട്ടിവെച്ച് എത്രയും വേഗം ജപ്തി ഭീഷണി ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് ജീവനക്കാരോട് യൂസഫലി നിർദേശിക്കുകയായിരുന്നു.

Full View

Tags:    
News Summary - The threat of confiscation has been removed and Amina Umma is full of mind; The family thanked M.A. Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.