മൂവാറ്റുപുഴ: ‘‘ചേച്ചീ, വണ്ടികൾ എല്ലാം കിട്ടും. പക്ഷേ, പൊലീസിൽ പരാതി കൊടുത്താൽ ആത്മഹത്യ മാത്രമാണ് തനിക്ക് മാർഗമുള്ളൂ’’ -പാതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണൻ ഒരു പരാതിക്കാരിക്ക് അയച്ച ശബ്ദസന്ദേശമാണിത്. ജനുവരി 16ന് രാത്രിയാണ് അനന്തു പരാതിക്കാരിയും നഗരസഭ മുൻ കൗൺസിലറുമായ പ്രമീള ഗിരീഷ് കുമാറിന് ആത്മഹത്യഭീഷണി മുഴക്കി സന്ദേശം അയച്ചത്.
പരാതിയുമായി മുന്നോട്ട് പോയാൽ തൂങ്ങിച്ചാകുമെന്നായിരുന്നു അനന്തുവിന്റെ ഭീഷണി. അടുത്ത ദിവസംതന്നെ വാഹനം ലഭിക്കുമെന്നും ഇയാൾ അറിയിച്ചു. ഇതിനുപിന്നാലെ കോൺഗ്രസ് നേതാവ് അഡ്വ. ലാലി വിൻസെന്റും ഇവരെ വിളിച്ച് വാഹനം ഉടൻ ലഭിക്കുമെന്ന് ഉറപ്പുനൽകി. ഇതനുസരിച്ച് കഴിഞ്ഞ 31 വരെ പ്രമീള വാഹനത്തിനായി കാത്തിരുന്നു. ചതിയാണെന്ന് മനസ്സിലായതോടെയാണ് അന്ന് വൈകീട്ട് പൊലീസിനെ സമീപിച്ച് കേസെടുപ്പിച്ച് അനന്തുവിനെ അറസ്റ്റ് ചെയ്യിച്ചത്.
പാവപ്പെട്ട സ്ത്രീകൾക്ക് ലാപ്ടോപ്പും ഇരുചക്രവാഹനങ്ങളും പകുതിവിലക്ക് നൽകുമെന്ന് വിശ്വസിപ്പിച്ച് രണ്ടുവർഷം മുമ്പാണ് ചിലർ പ്രമീളയെ സമീപിച്ചത്. അന്ന് നഗരസഭ കൗൺസിലറായിരുന്ന പ്രമീള വാർഡിലുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കുമെന്നറിഞ്ഞതോടെ 2023 ജൂലൈ 19ന് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് സീഡ് സൊസൈറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.
ആഘോഷമായി ആദ്യഘട്ടത്തിൽ 130 സ്കൂട്ടറുകളും ലാപ്ടോപ്പുകളും വിതരണം ചെയ്തു. ഇതോടെ പ്രമീള അടക്കം സൊസൈറ്റിയിലെ അംഗങ്ങൾക്ക് പദ്ധതിയിൽ വിശ്വാസമായി. രണ്ടാംഘട്ടത്തിൽ 1248 ഇരുചക്ര വാഹനങ്ങൾക്കും 51 ലാപ്ടോപ്പുകൾക്കും പണം ലഭിച്ചു. എന്നാൽ, പറഞ്ഞ തീയതിയിൽ വാഹനങ്ങൾ കിട്ടാതെവന്നതോടെ പണം നൽകിയവർ പരാതിയുമായി എത്തി. ഇതോടെ ഇവർ അനന്തുവിനെ ബന്ധപ്പെട്ടെങ്കിലും ഉടൻ ലഭിക്കുമെന്നായിരുന്നു മറുപടി.
പ്രതിഷേധം രൂക്ഷമായതോടെ 99 ഇരുചക്ര വാഹനങ്ങൾ നൽകി. ബാക്കി ഉടൻ നൽകുമെന്ന് ഉറപ്പും നൽകി. 140 പേർക്ക് പണം മടക്കി നൽകി. വാഹനം ലഭിക്കാതെ വന്നതോടെ കഴിഞ്ഞ ഒക്ടോബറിൽ മൂവാറ്റുപുഴ പായിപ്ര സ്വദേശിനി മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തി അനന്തു കൃഷ്ണന്റെ 3.5 കോടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രമീള വാഹനം അല്ലെങ്കിൽ പണം തിരികെ ആവശ്യപ്പെട്ട് അനന്തുവിനെ സമീപിച്ചെങ്കിലും ഒാരോ അവധി പറഞ്ഞു നീട്ടുകയായിരുന്നു. ഒടുവിലാണ് കഴിഞ്ഞ 16ന് ഇവർ പൊലീസിൽ പരാതി നൽകിയതും മറ്റൊരു തട്ടിപ്പിന് കളം ഒരുക്കുന്നതിനിടെ അനന്തു പിടിയിലായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.