വർക്കല: ഇന്ത്യൻ മതനിരപേക്ഷതക്ക് മുകളിൽ വർഗീയതയുടെ കരിമേഘങ്ങൾ പടരുന്നുവെന്നും ഈ സാഹചര്യത്തിൽ മതനിരപേക്ഷതക്ക് വേണ്ടി നാം പുനരർപ്പണം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യമനസ്സുകളെ മാറ്റിയെടുക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. ഗുരുദർശനങ്ങളുടെ ആകെത്തുക മനുഷ്യസ്നേഹമായിരുന്നു. അതുകൊണ്ടാണ് ജാതിയുടെയും മതത്തിെൻറയും അതിർവരമ്പുകൾക്കപ്പുറം മനുഷ്യനെക്കുറിച്ച് ചിന്തിക്കാൻ ഗുരു പഠിപ്പിച്ചത്. മനുഷ്യെൻറ ജാതി മനുഷ്യത്വമാണെന്ന് അർഥശങ്കക്കിടയില്ലാതെ ഗുരു വ്യക്തമാക്കി. ഗുരു ദർശനം ഉൾക്കൊള്ളാൻ അന്നത്തെപ്പോലെതന്നെ ഇന്നും ആളുകളുണ്ട്. ഗുരുവിനെ ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിെൻറ പ്രതീകമായി അവതരിപ്പിക്കാനും ചിലർ ശ്രമിക്കുന്നുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് ഒന്നര നൂറ്റാണ്ട് മുമ്പുതന്നെ ഗുരു കൃത്യമായ മറുപടിയും നൽകിയിരുന്നു. ഒരുമയും ഐക്യവും സമൂഹത്തിൽ നിലനിർത്തിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുരുദർശനം ഉൾക്കൊണ്ടാണ് പൊതുവിദ്യാഭ്യാസത്തെ സർക്കാർ ശക്തിപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. കനിമൊഴി എം.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരളവും തമിഴ്നാടും നല്ല അയൽക്കാരും സഹോദരങ്ങളുമാണെന്ന് കനിമൊഴി പറഞ്ഞു. ഉച്ചനീചത്വങ്ങൾക്ക് അറുതി വരുത്താൻ സമൂഹത്തോട് മാനവികതയുടെ മന്ത്രം പഠിപ്പിച്ച ആചാര്യനാണ് ശ്രീനാരായണ ഗുരുവെന്നും അവർ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, മുൻ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കെ.ബാബു, അഡ്വ.വി.ജോയി എം.എൽ.എ, മുൻ എം.എൽ.എ വർക്കല കഹാർ, നഗരസഭ ചെയർമാൻ കെ.എം. ലാജി, ഗോകുലം ഗോപാലൻ, ശ്രീനാരായണ ഗുരു കോൺഫെഡറേഷൻ പ്രസിഡന്റ് അഡ്വ.വി.കെ.മുഹമ്മദ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി. മോഹൻദാസ്, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.