കക്കി​ ഡാമിലെ ഷട്ടറുകൾ രാവിലെ 11ന്​ തുറക്കും; രണ്ട്​ മണിക്കൂറിനുശേഷം ജലം പമ്പ ത്രിവേണിയിൽ

പത്തനംതിട്ട: കക്കി ആനത്തോട് ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ തിങ്കളാഴ്ച രാവിലെ 11നുശേഷം ക്രമാനുഗതമായി ഉയർത്തും. ജനവാസ മേഖലകളില്‍ പരമാവധി 15 സെന്‍റി മീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടാനാണ്​ നിർദേശം. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.

പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ്​ മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റാൻ ബന്ധപ്പെട്ട തഹസില്‍ദാര്‍മാരെയും വില്ലേജ് ഓഫിസര്‍മാരെയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാൻ ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ്് ഓഫിസറെയും പട്ടിക ജാതി - പട്ടിക വര്‍ഗ വികസന ഓഫിസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്​. ഇക്കാര്യം താലൂക്കിന്‍റെ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫിസര്‍ (റവന്യു ഡിവിഷണല്‍ ഓഫിസര്‍, തിരുവല്ല/അടൂര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തണം.

കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്‍റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്‍റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ്. കെ.എസ്.ഇ.ബി നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.

പത്തനംതിട്ട ജില്ലയില്‍ 2021 ജൂൺ മുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിച്ച മഴയുടെ അളവ് 1684.3 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 40 മില്ലീമീറ്റര്‍ കൂടുതലാണ്. എന്നാല്‍, 2021 ഒക്ടോബര്‍ ഒന്ന്​ മുതല്‍ 17 വരെ ലഭിച്ച മഴയുടെ അളവ് 583.8 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 392.4 മില്ലീമീറ്റര്‍ കൂടുതലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും വൃഷ്ടിപ്രദേശത്തും ശക്തമായ തോതില്‍ മഴ ലഭിക്കുകയും തത്ഫലമായി ഡാമുകളിലേക്കുള്ള നിരൊഴുക്ക് ശക്തമാകുകയും ചെയ്തിട്ടുണ്ട്​.

കക്കി-ആനത്തോട് റിസര്‍വോയറിന്‍റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് റിസര്‍വോയറിലെ ജലനിരപ്പ് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. 

Tags:    
News Summary - The shutters on Kakki Dam will open at 11 a.m

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.