മയക്കുമരുന്നിനെതിരെ രണ്ടാം ഘട്ട ക്യാമ്പയിന്‌ തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം : മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്‌ ശിശുദിനമായ തിങ്കളാഴ്ച തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്‌ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്‌.

രാവിലെ 11 മണിക്ക്‌ മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാം ഘട്ട ക്യാമ്പയിന്‌ തുടക്കമാകും. കൈറ്റ്‌ വിക്ടേഴ്സ്‌ ചാനൽ വഴി സന്ദേശം തത്സമയം സംപ്രേഷണം ചെയ്യും. പരിപാടി എല്ലാ സ്കൂളിലും കോളജിലും തത്സമയം പ്രദർശിപ്പിക്കും. എക്സൈസ്‌ വകുപ്പും വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും അഞ്ചുമുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള കുട്ടികൾക്കായി തയാറാക്കിയ 'തെളിവാനം വരയ്ക്കുന്നവർ' ബോധവത്കരണ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.


Full View

മലയാളത്തിൽ തയാറാക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ്‌, കന്നഡ, തമിഴ്‌, ഹിന്ദി ഭാഷാ പതിപ്പുകളും തയാറാക്കും. വിവിധ ആദിവാസി ഭാഷകളിലും പുസ്തകം തയാറാക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക്‌ ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. നാളെ സംസ്ഥാനത്തെ എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ്‌ സഭകളും ചേരും.

ഇതിനായി ഒരു പിരിയഡ്‌ ഉപയോഗിക്കും. ആദ്യഘട്ട ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കിയ കാര്യങ്ങൾ, രണ്ടാം ഘട്ട ക്യാമ്പയിന്റെ വിവരങ്ങൾ, വിദ്യാർത്ഥികളുടെ അനുഭവങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. സ്കൂൾ പാർലമന്റ്‌/കോളേജ്‌ യൂണിയൻ ഈ പ്രവർത്തനത്തിന്‌ നേതൃത്വം നൽകും.

സ്കൂൾ, കോളജ്‌ തലത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച സംഘടിപ്പിക്കും. ലഹരി മുക്ത ക്യാമ്പസിനായുള്ള മാസ്റ്റർ പ്ലാനിന്റെ തുടക്കമായി ഈ പരിപാടി മാറും. നവംബർ എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഉന്നത തല സമിതി യോഗമാണ്‌ പരിപാടികൾ രൂപകൽപ്പന ചെയ്തത്‌. പ്രചാരണത്തിനൊപ്പം എക്സൈസും പൊലീസും ശക്തമായ എൻഫോഴ്സ്‌മെന്റ്‌ നടപടികൾ തുടരുമെന്ന് മന്ത്രി എം ബി രാജേഷ്‌ വ്യക്തമാക്കി. 

Tags:    
News Summary - The second phase of the campaign against drugs started on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.