മുളങ്കുന്നത്തുകാവ്: ജലസംഭരണിയിൽ വീണ വയോധികയെ രക്ഷിച്ച് പൊലീസ്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ക്യാമ്പസിൽ നിർമാണത്തിലെ അപാകംമൂലം ഉപേക്ഷിച്ച ജലസംഭരണിയിൽ 75 വയസ്സുകാരിയായ ലീല വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ ഇതുവഴി കടന്നുപോയയാളാണ് വിവരം മെഡിക്കൽ കോളജ് പൊലീസിനെ അറിയിച്ചത്. പഴുവിൽ കുറുമ്പിലാവ് സ്വദേശിനിയായ ലീല ജലസംഭരണിയിലെ പൊന്തക്കാട്ടിനുള്ളിലാണ് വീണുകിടന്നത്. സാധാരണഗതിയിൽ ആരും കാണാൻ സാധ്യതയില്ല. ധരിച്ചിരുന്ന വസ്ത്രത്തിന്റെ കടുംനിറം കണ്ട് വഴിയാത്രക്കാരൻ അവിടേക്ക് പോയി നോക്കിയതാണ് വയോധികക്ക് രക്ഷയായത്. ചുവന്ന സാരിയും പച്ച ബ്ലൗസുമാണ് ലീല ധരിച്ചിരുന്നത്.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 35 അടി താഴ്ചയുള്ള ഉപയോഗ്യശൂന്യമായ ജലസംഭരണിയിൽ കയർ കെട്ടി ഇറങ്ങുകയായിരുന്നു. തുടർന്ന് പൊലീസിന് പുറമേ നാട്ടുകാരും സഹായത്തിനെത്തിയതോടെ ലീലയെ കരക്കെത്തിക്കുകയായിരുന്നു. പൊലീസിനെ കണ്ടപ്പോൾ രക്ഷിക്കണേ എന്ന് ലീല നിലവിളിക്കുന്നുണ്ടായിരുന്നുവെന്ന് എസ്.ഐ പറയുന്നു. മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിന് പിറകിലുള്ള ജലസംഭരണി 20 വർഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
കാൽ വഴുതി വീണുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പൊന്തക്കാട്ടിലേക്ക് വീണതിനാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. ലീലയെ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് ലീലയെ വീട്ടിൽനിന്ന് കാണാതായതായി മെഡിക്കൽ കോളജ് പൊലീസിന് പരാതി ലഭിച്ചിരുന്നു. വിവരമറിഞ്ഞ് വീട്ടുകാരെത്തി ലീലയെ തിരിച്ചറിഞ്ഞു. സബ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രമേശ് ചന്ദ്രൻ, ശ്രീജിത്ത്, അഭയ്ഘോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.