മലപ്പുറം: അഞ്ച് വർഷത്തിനകം പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതിക്ക് വേഗം പോരെന്ന് ആക്ഷേപം. 2030ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ ചികിത്സ, ബോധവത്കരണം, പാമ്പുപിടിത്തക്കാർക്ക് പരിശീലനം, പാമ്പുവിഷബാധക്കുള്ള മരുന്ന് (ആന്റിവെനം) ഉൽപാദനം ഉൾപ്പെടെ നടപ്പാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലക്ക് പാമ്പുവിഷബാധയേറ്റുള്ള അപകട സാധ്യതാനിരക്ക് ആദ്യ രണ്ടു വര്ഷം 50 ശതമാനം കുറവ് വരുത്താൻ ലക്ഷ്യമിട്ട സർക്കാർ, 2025ലെ ബജറ്റിൽ 25 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു.
പാമ്പുകടിയേറ്റവർക്ക് ചികിത്സ വൈകുന്നത് ഒഴിവാക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കും, ജനവാസ മേഖലയിൽ കണ്ടെത്തുന്ന പാമ്പുകളെ പിടികൂടുന്നതിന് പഞ്ചായത്ത് തലത്തിൽ കൂടുതൽ പ്രതികരണ ടീമുകൾ സജ്ജമാക്കും, ജില്ല സർപ്പ ടീമുകൾ ശക്തിപ്പെടുത്തും, കൃഷി, റബർ ടാപ്പിങ്, തൊഴിലുറപ്പ് ജോലി എന്നിവയിൽ ഏർപ്പെടുന്നവർക്ക് സുരക്ഷ ഉപകരണങ്ങൾ നൽകും തുടങ്ങിയ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു പദ്ധതി.
വനം, ആരോഗ്യം, തദ്ദേശ സ്വയംഭരണം, റവന്യൂ, വെറ്ററിനറി-മൃഗസംരക്ഷണം, വിദ്യാഭ്യാസം എന്നിവയുടെ വകുപ്പുകളും ദുരന്ത നിവാരണ അതോറിറ്റിയും സഹകരിച്ചുള്ള ഈ പദ്ധതി ആദ്യവർഷം നന്നായി മുന്നോട്ടുപോയെങ്കിലും രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ ആശാവഹമായ പുരോഗതിയില്ല. പാമ്പുകടിയേറ്റ് കുട്ടികളടക്കം മരിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പഞ്ചായത്തുകളിൽ എല്ലായിടത്തും പ്രതികരണ ടീമുകളില്ല. സി.എച്ച്.സി തലങ്ങളിൽ പാമ്പുവിഷബാധക്ക് ചികിത്സ ഒരുക്കാൻ സാധിച്ചിട്ടില്ല. പാമ്പുകടിയേറ്റുണ്ടാകുന്ന മരണം ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതിൽ വനംവകുപ്പ് പരിശീലനം നൽകിയ ‘സർപ്പ’ വളണ്ടിയർമാർ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആറായിരത്തോളം പേർക്ക് വനംവകുപ്പ് പരിശീലനം നൽകുകയും അതിൽ 2800 പേർക്ക് പാമ്പുകളെ പിടികൂടുന്നതിനുള്ള ലൈസൻസ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുകൊണ്ടുമാത്രം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായി ഇല്ലാതാക്കാൻ സാധ്യമല്ല. ജില്ല ഭരണകൂടങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനവും ജനങ്ങളുടെ സഹകരണവും ഇതിനാവശ്യമാണ്.
സർക്കാർ മാർഗനിർദേശം പാലിച്ച് വീടുകളും പരിസരങ്ങളും വൃത്തിയാക്കി സൂക്ഷിക്കുകയും പാമ്പിന്റെ ഇരയായ എലി അടക്കമുള്ള ചെറുജീവികൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയും വേണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാമ്പുകടിയെ പ്രതിരോധിക്കുന്ന ഗംബൂട്ട്, സേഫ്റ്റി ഗ്ലൗസ്, നീളമുള്ള കത്തി മുതലായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന നിർദേശം ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.