കായിക സംഘടനകളിലെ പിളർപ്പ് ഇല്ലാതാക്കും -യു. ഷറഫലി

തിരുവനന്തപുരം: കായിക മേഖലയിലെ സംഘടനകളിലെ പിളർപ്പ് ഇല്ലാതാക്കി ഒരുമിച്ച്‌ മുന്നോട്ടുകൊണ്ടുപോകുമെന്ന്​ സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്‍റായി ചുമതലയേറ്റ യു. ഷറഫലി. പ്രസിഡന്റായി ചുമതലയേറ്റെടുത്ത ശേഷം കേരള പത്രപ്രവർത്തക യൂനിയൻ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനകൾ പരസ്പരം എതിർത്തു നിൽക്കുന്നത്‌ കായികതാരങ്ങൾക്കാണ്‌ നഷ്‌ടമുണ്ടാക്കുന്നത്​. മികച്ച പ്രകടനം കാഴ്‌ചവെക്കുന്നതിന്​ അവരെ സഹായിക്കാൻ കായിക സംഘടനകൾ ഒറ്റക്കെട്ടായി നിലകൊള്ളണം. അതിനുള്ള ശ്രമം സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംഘടനകളെ അനുനയിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമമാകും തന്‍റെ ഭാഗത്തുനിന്നുണ്ടാകുക. സർക്കാറുമായി ചേർന്നുനിന്ന് കായിക രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടത്തും. സ്പോർട്സ് കൗൺസിലിന്‍റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികംതന്നെയാണ്. കായിക മന്ത്രിയുമായും സർക്കാറുമായും ചർച്ച ചെയ്ത് ഇതിനു​ പരിഹാരമുണ്ടാക്കും.

സ്പോർട്സ് കൗൺസിലിന് സ്വന്തമായി ഫണ്ട് കണ്ടെത്താൻ പദ്ധതി തയാറാക്കാനാകുമോയെന്ന്​ പരിശോധിക്കും. കായികമേഖലയിലെ എല്ലാ സർട്ടിഫിക്കറ്റുകളും ‌ഏകീകൃത പ്രക്രിയയിൽ വിതരണം ചെയ്യണമെന്ന നിർദേശമാണ് കായികമന്ത്രി മുന്നോട്ടുവെച്ചത്​. ഒരുമാസത്തിനകം ഇതിന്​ സംവിധാനം നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു.

2019 മുതൽ പ്രസിഡന്‍റായിരുന്ന മേഴ്​സി കുട്ടൻ രാജിവെച്ചതിന്​ പിന്നാലെയാണ്​ ഷറഫലി ചുമതലയേറ്റത്​. രാവിലെ 11ന്​​ കൗൺസിൽ ഓഫിസിലെത്തി ചുമതലയേറ്റ അദ്ദേഹം വിവാദങ്ങളോടൊന്നും പ്രതികരിച്ചില്ല. മേഴ്​സി കുട്ടന്‍റെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഫയലുകൾ പരിശോധിച്ച ശേഷം പ്രവർത്തനങ്ങളെക്കുറിച്ച്​ വിശദീകരിക്കാമെന്നും അറിയിച്ചു. കായികമന്ത്രി വി. അബ്​ദുറഹ്​മാന്‍റെ നിർദേശാനുസരണം പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ച മേഴ്​സി കുട്ടൻ പരസ്യപ്രതികരണം നടത്തിയിട്ടില്ല.

Tags:    
News Summary - The President of the State Sports Council U Sharafali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.