പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തുമെന്ന് സൂചന

തിരുവനന്തപുരം: വിവാദത്തെ തുടർന്ന് പൊലീസ് നിയമ ഭേദഗതി തിരുത്താൻ സർക്കാർ ആലോചന. നിയമത്തിനെതിരെ സി.പി.ഐക്ക് പുറമെ സി.പി.എമ്മിലും പൊലീസിലും എതിർപ്പ് ശക്തിപ്പെട്ടതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം നടക്കുന്നത്. സമൂഹ മാധ്യമങ്ങൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന.

ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസ് നിയമ ഭേദഗതിയിൽ കടുത്ത അതൃപ്തിയാണ് സി.പി.എം കേന്ദ്ര നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. തിരുത്തൽ വരുത്താൻ പൊളിറ്റ് ബ്യൂറോ സംസ്ഥാന ഘടകത്തോട് നിർദേശിക്കുമെന്നും സൂചനയുണ്ട്. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത. നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുമെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ സി.പി.എം കേന്ദ്ര നേതൃത്വം അറിയിച്ചു.

സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നത്. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീര്‍ത്തികരമായതോ ആയ കാര്യങ്ങള്‍ നിര്‍മിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.